വെള്ളറട: മലയോര അതിർത്തിഗ്രാമങ്ങളിൽ അനധികൃത കശാപ്പുശാലകൾ വ്യാപകമാകുന്നതായി പരാതി. രോഗം ബാധിച്ചതും ചത്തതുമായ കന്നുകാലികൾ വരെ ഇവിടെ ഇറച്ചിക്കായി എത്തുന്നുണ്ടെന്നാണ് പരാതി. ഇത്തരം അറവുമാടുകളെ കുറഞ്ഞ വിലയ്ക്ക് ലഭിക്കുമെന്നതിനാൽ ഇരട്ടിലാഭമാണ് ഈ അറവ് കേന്ദ്രങ്ങൾ ഉണ്ടാക്കുന്നത്. കുറഞ്ഞതുകയ്ക്ക് രോഗം ബാധിച്ച അവശതയായ കന്നുകാലികൾ ലഭിക്കുന്നതുകൊണ്ട് വൻ ലാഭമാണ് കച്ചവടക്കാർക്കുള്ളത്. അറവു മാടുകൾക്ക് യാതൊരുവിധ പരിശോധനയുമില്ലാത്തതാണ് ഇതിനു കാരണം. ഇറച്ചിക്കായി ഉപയോഗിക്കുന്ന കന്നുകാലികളെ ഡോക്ടർമാർ പരിശോധിച്ച് രോഗബാധിയില്ലെന്ന് ഉറപ്പുവരുത്തേണ്ടിയിരിക്കെ അതൊന്നും പാലിക്കപ്പെടുന്നില്ല. അനധികൃത കശാപ്പുശാലകൾക്ക് ലൈസൻസുകൾ നൽകി നിയമാനുസൃതം കശാപ്പുചെയ്യുന്നതിനു മുമ്പ് ഇത്തരക്കാർ പാലിക്കേണ്ട വ്യവസ്ഥകൾ നടപ്പാക്കുന്നുണ്ടോയെന്ന് ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പും ഉറപ്പുവരുത്തണമെന്നാണ് പൊതുജനത്തിന്റെ ആവശ്യം. ആധുനിക സംവിധാനങ്ങളോടു കൂടിയ കശാപ്പുശാലകൾ നിർമ്മിച്ച് കച്ചവടക്കാർക്ക് ലൈസൻസോടുകൂടി നൽകി പ്രവർത്തിപ്പിക്കാൻ നടപടിയുണ്ടായില്ലെങ്കിൽ രോഗബാധിതയായ കന്നുകാലികളുടെ മാംസം ഭക്ഷിക്കേണ്ട ഗതികേടിലാണ് ജനം.

മാലിന്യസംസ്കരണവും അവതാളത്തിൽ

മലയോരത്ത് പ്രവർത്തിക്കുന്ന മിക്ക അറവ്ശാലകൾക്കും ലൈസൻസ് ഇല്ലാത്തവയാണ്. ഇവയ്ക്കാകട്ടെ കൃത്യമായി മാലിന്യ നിർമ്മാർജനം ചെയ്യാനുള്ള സംവിധാനവും ഇല്ല. ഇത്തരം അറവ് ശാലകൾ രാത്രികാലങ്ങളിൽ പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും അറവുമാലിന്യങ്ങൾ നിക്ഷേപിക്കുന്നതായും പരാതിയുണ്ട്. ഉപ്പം ഇവയിൽ ഭൂരിപക്ഷം അറവ്കേന്ദ്രങ്ങൾക്കും വൃത്തിയുമില്ല. അറവുശാലകൾ കേന്ദ്രീകരിച്ച് മാലിന്യസംസ്കരണം നടത്താൻ കഴിയുന്നവയാണോ എന്ന് പരിശോധന നടത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

രോഗം ബാധിച്ചവയും

നിരവധി കശാപ്പുശാലകൾ പ്രവർത്തിക്കുന്ന ഗ്രാമപഞ്ചായത്തുകളിൽ ഇവയെ നിയന്ത്രിക്കാൻ നിയമങ്ങൾ ഉണ്ടെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നും നടപടികളൊന്നുമില്ല. ഞായറാഴ്ചകളിൽ റോഡിന്റെ വക്കുകളിലെല്ലാം അനധികൃത കശാപ്പുശാലകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ആരുടെയും പരിശോധനകൾ ഇല്ലാത്തതുകാരണം കശാപ്പുകാർക്കും ഒരു ബുദ്ധിമുട്ടുമില്ല. പുലർച്ചെ ഹോട്ടലുകളിലേക്ക് കുറഞ്ഞവിലയ്ക്ക് ഇറച്ചി എത്തിക്കുന്ന സംഘങ്ങൾ ഏറ്റവും വിലകുറഞ്ഞതും രോഗം ബാധിച്ചതുമായ മാടുകളെയാണ് കശാപ്പിനായി വാങ്ങുന്നത്. പഞ്ചായത്ത് പ്രദേശങ്ങളിൽ ഹൈക്കോടതി നിർദ്ദേശിച്ച രീതിയിലുള്ള ഒരു കശാപ്പുശാലയുമില്ല.