തിരുവനന്തപുരം: തൃക്കാക്കര, കുന്നത്തുനാട് മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന ബ്രഹ്മപുരം പാലം നിർമ്മാണത്തിന് ടെൻഡർ നൽകാനുള്ള നടപടികൾ പുരോഗമിക്കുന്നതായും നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്റി പി.എ. മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു. ഉമതോമസിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
വാട്ടർ മെട്രോ കടന്നുപോകുന്ന അലൈൻമെന്റിന്റെ ഭാഗമാണ് പാലം സ്ഥിതിചെയ്യുന്ന മേഖല. നിലവിലുള്ള പാലത്തിന് രണ്ടുമീറ്റർ വെർട്ടിക്കൽ ക്ലിയറൻസാണുള്ളത്. എന്നാൽ വാട്ടർമെട്രോയ്ക്ക് 5.5 മീറ്ററിന്റെ ക്ലിയറൻസ് വേണം. ഈസാഹചര്യത്തിലാണ് പാലം പുതുക്കിപ്പണിയാൻ തീരുമാനിച്ചത്. പാലം നിർമ്മാണത്തിന് 23.20 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. നിലവിലുള്ള പാലംപൊളിക്കുമ്പോൾ പകരം ഗതാഗതത്തിനുള്ള സംവിധാനം വേണമെന്നാണ് ആവശ്യമുയരുന്നത്. മറ്റ് റൂട്ടുകളിലൂടെ ഗതാഗതം തിരിച്ചുവിടുന്നതിനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിൽ ഉടൻ തീരുമാനമുണ്ടാകുമെന്ന് മന്ത്റി പറഞ്ഞു.