school-festival

തിരുവനന്തപുരം: അരങ്ങിൽ കലാമികവ് തെളിയിക്കാൻ സ്കൂൾ കുട്ടികൾക്ക് വീണ്ടും ചിലങ്ക കെട്ടാം. ബൂട്ട് കെട്ടി ഉടനെ കളിക്കളങ്ങളിൽ പരീശീലനത്തിനിറങ്ങാം. കൊവിഡ് അപഹരിച്ച രണ്ടു വർഷത്തിനു ശേഷം സ്കൂൾ കലോത്സവവും സ്കൂൾ കായികമേളയും ഈ അദ്ധ്യയന വർഷം തിരിച്ചുവരുന്നു.

ഉപജില്ലാ,​ ജില്ലാ തല കലോത്സവങ്ങൾ ഒക്ടോബറിൽ ആരംഭിച്ച്,​ നവംബ‌ർ, പകുതിയോടെ അവസാനിപ്പിക്കും. സംസ്ഥാന കലോത്സവം നവംബർ അവസാനം അല്ലെങ്കിൽ ഡിസംബർ ആദ്യം നടത്താനാണ് അലോചന. കായികോത്സവവും ഇതേ കാലയളവിൽ നടത്തും. ഇതു സംബന്ധിച്ച ഉന്നതതല യോഗം ഉടൻ ചേരും.

61-ാമത് സ്കൂൾ കലോത്സവമാണ് ഈ വർഷം നടക്കുന്നത്. കായികമേളയുടെ 64-ാം വർഷവും. രണ്ട് മേളയിലും 2019ൽ പാലക്കാട് ജില്ലയാണ് ചാമ്പ്യന്മാർ. 2019ലെ കലോത്സവത്തിന്റെ അവസാന ദിവസം അടുത്ത കലോത്സവം കൊല്ലത്ത് നടത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. കായികമേളയിൽ വേദി പ്രഖ്യാപിക്കുന്ന പതിവില്ലെങ്കിലും തിരുവനന്തപുരമാണ് പരിഗണനയിലുണ്ടായിരുന്നത്. ഈ അദ്ധ്യയന വർഷത്തെ വേദി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനം ഉന്നതതല യോഗത്തിലുണ്ടാവും

'കായികമേള നടത്തേണ്ടത് വളരെ അത്യാവശ്യമാണ്. എങ്കിലേ നാളത്തെ കായിക താരങ്ങളെ കണ്ടെത്താനാകൂ. മറ്റ് സംസ്ഥാനങ്ങൾ കൊവിഡ് കാലത്തും കായികമേള നടത്തിയിരുന്നു".

- മേഴ്സിക്കുട്ടൻ,​ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്

'കുട്ടികളുടെ സർഗവാസന പ്രകടിപ്പിക്കാനൊരു ഇടമാണ് സ്കൂൾ കലോത്സവം. ഏഷ്യയിലെ ഏറ്റവും വലിയ കലാമേള നമ്മുടെ അഭിമാനമാണ്''.

- വിനീത്,​ നടൻ