photo

പ്രസിഡന്റ് പലായനം ചെയ്ത രാജ്യത്തെ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കും എന്നത് കുഴയ്ക്കുന്ന ചോദ്യമാണ്. ശ്രീലങ്കയിൽ നിലനില്ക്കുന്ന പ്രശ്നങ്ങളും അനിശ്ചിതത്വവും അവസാനിപ്പിക്കണമെങ്കിൽ ഏറ്റവും അനിവാര്യം രാഷ്ട്രീയ സ്ഥിരതയാണ്. രാഷ്ട്രീയ നേതൃത്വം ജനങ്ങളുടെ വിശ്വാസം നേടിയാൽ മാത്രമേ പ്രതിഷേധക്കാർ സ്വന്തം ഭവനങ്ങളിലേക്ക് മടങ്ങുകയുള്ളൂ. രാഷ്ട്രീയ അരാജകത്വം അവസാനിച്ചാൽ മാത്രമേ അടിസ്ഥാന സാമ്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള ചർച്ചകൾക്ക് തുടക്കം കുറിയ്ക്കാൻ പോലും കഴിയൂ. ലക്ഷക്കണക്കിന് ജനങ്ങൾ തെരുവിൽ തുടർന്നാൽ പ്രശ്നങ്ങൾക്ക് പരിഹാരമാകില്ല. ഒരു പുതിയ സർക്കാർ അധികാരമേറ്റാൽ മാത്രമേ പ്രശ്നപരിഹാരത്തിനുള്ള വാതിലുകൾ തുറക്കപ്പെടൂ.

പുതിയ സർക്കാർ സാദ്ധ്യമോ?​

നിലവിലെ പ്രശ്നങ്ങളുടെ അടിസ്ഥാന കാരണം അധികാരത്തിനുവേണ്ടിയുള്ള രാഷ്ട്രീയ പാർട്ടികളുടെയും പാർലമെന്റ് അംഗങ്ങളുടെയും നെറികെട്ട രാഷ്ട്രീയ കളികളും കുതിരക്കച്ചവടവും ആയിരുന്നു. രാജപക്സ കുടുംബം അധികാരത്തിന് പുറത്തായെങ്കിലും പുതിയൊരു സർക്കാരിന് രൂപംകൊടുക്കുക അത്ര എളുപ്പമല്ല. ഇതിന്റെ പ്രധാന കാരണം രാജപക്‌സയോട് കൂറുപുലർത്തുന്ന സിംഹള ബുദ്ധിസ്റ്റ് പാർട്ടിക്ക് പാർലമെന്റിൽ മൂന്നിൽരണ്ട് ഭൂരിപക്ഷമുണ്ട് എന്നതാണ്. ഭൂരിപക്ഷമുള്ള പാർട്ടിയാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കേണ്ടത്. എന്നാൽ രാജപക്സയോട് കൂറുപുലർത്തുന്ന രാഷ്ട്രീയ പാർട്ടിയിലെ ആരെയും പ്രതിഷേധക്കാർ പുതിയ പ്രസിഡന്റായി അംഗീകരിക്കണമെന്നില്ല.

പുതിയ പ്രസിഡന്റ് ജൂലായ് 20ന് അധികാരമേല്ക്കുമെന്നാണ് പാർലമെന്റിനെ സ്പീക്കർ അറിയിച്ചിട്ടുള്ളത്. നിലവിൽ പ്രസിഡന്റിന്റെ അധികാരങ്ങൾ പ്രധാനമന്ത്രിയായ റെനിൽ വിക്രമസിംഗെയ്ക്കാണ് കൈമാറിയിട്ടുള്ളത്. ഇദ്ദേഹവും പ്രസിഡന്റ് പദവി മോഹിക്കുന്ന നേതാവാണ്. ഭരിക്കുന്ന പാർട്ടിയോടുള്ള അതൃപ്തി മറ്റൊരു പ്രസിഡന്റ് സ്ഥാനാർത്ഥിയിലേക്ക് എത്തിച്ചേരാൻ പാർലമെന്റിനെ നിർബന്ധിതമാക്കും. ഇത് സാദ്ധ്യമാണോ എന്നതാണ് ശ്രീലങ്ക നേരിടുന്ന വലിയ രാഷ്ട്രീയ - ഭരണഘടനാ പ്രശ്നം. പാർലമെന്റിൽ ഭൂരിപക്ഷമില്ലാത്ത പാർട്ടിയുടെ നേതാവിനെ എങ്ങനെ പ്രസിഡന്റാക്കാൻ സാധിക്കും. രാജപക്സയോട് കൂറുപുലർത്തുന്ന പാർട്ടിയിലെ ചിലരെങ്കിലും കൂറുമാറി വോട്ടുചെയ്താൽ മാത്രമേ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ സാധിക്കൂ.

ചില സൂചനകൾ പ്രകാരം ഭരണകക്ഷിയിലെ ഒരു വിഭാഗവും പ്രതിപക്ഷവും തമ്മിൽ ധാരണയിലെത്താൻ സാദ്ധ്യതയുണ്ട്. അതിൻപ്രകാരം നിലവിലെ പ്രതിപക്ഷനേതാവ് സജിത് പ്രേമദാസ പ്രസിഡന്റായും ഭരണകക്ഷിയിലെ വിമത വിഭാഗത്തിലെ പ്രമുഖർ ആരെങ്കിലും പ്രധാനമന്ത്രിയാകാനും സാദ്ധ്യതയുണ്ട്.

സജിത് പ്രേമദാസ പ്രസിഡന്റാകുന്നത് നിലവിലെ പ്രസിഡന്റ് റെനിൽ വിക്രമസിംഗെയ്ക്ക് ദഹിക്കില്ല. ഇവർ തമ്മിലുള്ള തർക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളും പ്രസിദ്ധമാണ്. മാത്രമല്ല, 2019 ൽ രാജപക്‌സമാരെ അധികാരത്തിലെത്തിക്കുന്നതിൽ ഇൗ അഭിപ്രായ വ്യത്യാസങ്ങൾ പ്രധാന പങ്കുവഹിച്ചിട്ടുമുണ്ട്.

നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ അധികാര കൈമാറ്റം സംഭവിക്കണമെങ്കിൽ കൂറുമാറി രൂപംകൊള്ളുന്ന കൂട്ടുമന്ത്രിസഭ അനിവാര്യമാണ്. അതായത് ഭരണകക്ഷിയിലെ വിമതവിഭാഗവും പ്രതിപക്ഷവും ഒന്നിച്ചാൽ മാത്രമേ പുതിയ പ്രസിഡന്റിന്റെ തിരഞ്ഞെടുപ്പും അധികാര കൈമാറ്റവും സാദ്ധ്യമാകൂ. ഇത് എത്രമാത്രം പ്രായോഗികമാണെന്നതാണ് ശ്രീലങ്ക നേരിടുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന്റെ അടിസ്ഥാനം.

ഒരു സർവകക്ഷി സർക്കാരാണ് പറഞ്ഞുകേൾക്കുന്ന മറ്റൊരു രാഷ്ട്രീയ പരിഹാരം. ഭരണപക്ഷത്തിലെ പ്രമുഖരെ ഉൾക്കൊള്ളുന്ന ഒരു സർവകക്ഷി സഖ്യം സാദ്ധ്യമാണോ എന്ന് കണ്ടറിയണം. അത്തരമൊരു സംവിധാനം നിലവിൽ വരാൻ ഭരണഘടനാപരമായ തടസങ്ങളുമുണ്ട്. പ്രതിഷേധക്കാർ മുന്നോട്ടുവയ്ക്കുന്ന ചില രാഷ്ട്രീയ ആവശ്യങ്ങൾ ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതാണ്. ഇതിലേറ്റവും പ്രധാനപ്പെട്ടതാണ് പ്രസിഡന്റിന്റെ അധികാരം കുറയ്ക്കണമെന്നത്. രാജപക്സ പ്രസിഡന്റായപ്പോൾ ഏകാധിപതിയെപ്പോലെ പ്രവർത്തിക്കാനുള്ള അവസരം ഭരണഘടനാ ഭേദഗതിയിലൂടെ തന്നെ കല്പിച്ചുനൽകിയിരുന്നു. നിലവിലെ പ്രശ്നങ്ങളുടെ ഒരു പ്രധാന കാരണം ഇൗ അധികാര കേന്ദ്രീകരണവും അതിന്റെ ദുരുപയോഗവുമാണെന്ന വിമർശനമുണ്ട്. ഇത്തരം പ്രവണതകൾ ആവർത്തിക്കാതിരിക്കാൻ ഒരു പാർലമെന്ററി ജനാധിപത്യത്തിലേക്ക് മാറണമെന്നുള്ള ആവശ്യവും പ്രതിഷേധക്കാർ ഉയർത്തുന്നു. ഇത്തരം മാറ്റങ്ങൾ പെട്ടെന്ന് വരുത്താൻ സാധിക്കണമെന്നില്ല. നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് നിർബന്ധവുമില്ല. ഇവിടെയാണ് ശ്രീലങ്കയിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിന് പരിഹാരം കാണുക എന്നത് ദുഷ്കരവും സങ്കീർണവും ആകുന്നത്.

സാമ്പത്തിക പരിഹാരം

പ്രക്ഷോഭങ്ങളുടെ അടിസ്ഥാനകാരണം ജനങ്ങൾ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടാണ്. നിത്യോപയോഗ സാധനങ്ങൾ ലഭ്യമല്ല. സ്കൂളുകളും കോളേജുകളും അടഞ്ഞുകിടക്കുന്നു. പെട്രോൾ വാങ്ങാൻ കിലോമീറ്ററുകൾ നീണ്ട ക്യൂവാണ്. ആകെ പ്രവർത്തിക്കുന്നത് അവശ്യസേവന വിഭാഗത്തിൽപ്പെട്ട സർക്കാർ സംവിധാനങ്ങൾ മാത്രമാണ്.

ഏതെങ്കിലും രീതിയിൽ ആഭ്യന്തര വരുമാനം വർദ്ധിപ്പിക്കുകയോ വിദേശസഹായം ലഭ്യമാവുകയോ ചെയ്താൽ മാത്രമേ സാമ്പത്തികപ്രശ്നങ്ങൾ ചെറിയ തോതിലെങ്കിലും പരിഹരിക്കാൻ കഴിയൂ. കടമെടുത്ത പണം അടയ്ക്കാൻ നിർവാഹമില്ലെന്ന് ശ്രീലങ്ക അറിയിച്ചുകഴിഞ്ഞു. മൊത്ത വരുമാനത്തേക്കാൾ കൂടുതലാണ് നിലവിലെ കടം. ലോകബാങ്കുമായി ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും എങ്ങനെ കടം നികത്തും എന്നതിനെക്കുറിച്ച് വ്യക്തമായ പദ്ധതി മുന്നോട്ടുവയ്ക്കാൻ ശ്രീലങ്കയ്ക്ക് കഴിയാത്തതിനാൽ ലോക ബാങ്ക് ഒന്നും തന്നെ പറഞ്ഞിട്ടില്ല. ഭരിക്കാൻ സർക്കാരില്ലാത്ത രാജ്യത്തെ സാമ്പത്തികമായി സഹായിക്കാൻ ആര് തയ്യാറാകും. നല്ല അയൽക്കാരായ ഇന്ത്യയുടെ സഹായം ആശ്വാസമാണെങ്കിലും പ്രശ്നപരിഹാരത്തിന് അതുമാത്രം പോര. വൻ പദ്ധതികളുമായി വന്ന ചൈന പിടിതരാതെ നിൽക്കുകയാണ്. ഇത്തരം സാഹചര്യങ്ങളിൽ മറ്റു രാജ്യങ്ങളും അന്താരാഷ്ട്ര ഏജൻസികളും സഹായം നൽകാൻ മടിക്കും.

ജനകീയ പ്രക്ഷോഭങ്ങളിലൂടെ അധികാരമാറ്റം സംഭവിച്ച ഒരിടത്ത് അടിസ്ഥാന പ്രശ്നങ്ങൾ പ്രത്യേകിച്ചും സാമ്പത്തിക പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കണ്ട ചരിത്രമില്ല. മുൻപ് ജനകീയ പ്രക്ഷോഭങ്ങളിലൂടെ രാഷ്ട്രീയ മാറ്റങ്ങൾ സംഭവിച്ച രാജ്യങ്ങളിലെല്ലാം തന്നെ തുടർച്ചയായ അരാജകത്വത്തിലൂടെയും അനിശ്ചിതത്വത്തിലൂടെയും പ്രക്ഷോഭങ്ങളിലൂടെയുമാണ് രാഷ്ട്രീയം ശുദ്ധീകരിക്കപ്പെട്ടിട്ടുള്ളത്. ശ്രീലങ്കയിൽ രാഷ്ട്രീയ പരിഹാരത്തിന് ഒരു ഭരണഘടനാ സംവിധാനം ഉണ്ടെന്നതാണ് ഏക ആശ്വാസം. എന്നാൽ ശ്രീലങ്കയിലെ ഭരണസംവിധാനങ്ങളുടെ നേതൃത്വത്തെ ജനങ്ങൾ വിശ്വസിക്കുന്നില്ല. ഇപ്പോൾ ഭരിക്കുന്നവരും നിലവിലെ സംവിധാനത്തിലൂടെ ഭരണത്തിൽ വരാൻ സാദ്ധ്യതയുള്ളവരും കാപട്യക്കാരാണെന്നതാണ് പ്രശ്നം. പുതിയ പ്രസിഡന്റിനെ ഉടനെ തിരഞ്ഞെടുക്കുമെന്ന് പറയുന്നുണ്ടെങ്കിലും അത് ആരാകണമെന്ന കാര്യത്തിൽ അഭിപ്രായ ഐക്യമില്ല. രാഷ്ട്രീയ പാർട്ടികളോടൊപ്പംതന്നെ മുൻ സൈനിക മേധാവികളുടെ പേരുപോലും പ്രസിഡന്റ് പദത്തിലേക്ക് പറഞ്ഞുകേൾക്കുന്നുണ്ട്.

രാഷ്ട്രീയ പരിഹാരം കണ്ടാൽത്തന്നെ സാമ്പത്തിക പരിഹാരം എളുപ്പമല്ല. വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ രണ്ടുമൂന്ന് വർഷങ്ങൾകൊണ്ട് മാത്രമേ പ്രശ്നപരിഹാരം സാദ്ധ്യമാകൂ. സാധാരണ ജനങ്ങൾക്ക് അത് മനസിലാകണമെന്നില്ല. അവരെ സംബന്ധിച്ചിടത്തോളം സാമ്പത്തികപ്രശ്നം എന്നതോടൊപ്പം തന്നെ ഇതൊരു വൈകാരിക രാഷ്ട്രീയ പ്രശ്നംകൂടിയാണ്. പ്രസിഡൻഷ്യൽ പാലസിലേക്കുള്ള കടന്നുകയറ്റവും അധികാരികളുടെ വസതികൾക്ക് തീവച്ചതും നിരുത്തരവാദ രാഷ്ട്രീയ നേതൃത്വത്തോടുള്ള പ്രതികാരമായിരുന്നു. രാഷ്ട്രീയം വൈകാരികമായി തുടരുമ്പോൾ, പ്രതിഷേധക്കാർ തെരുവിൽ തമ്പടിക്കുമ്പോൾ സാമ്പത്തിക രാഷ്ട്രീയ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാൻ സമയമെടുക്കും.

(​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ലാ​ ​പൊ​ളി​റ്റി​ക്ക​ൽ​ ​സ​യ​ൻ​സ് ​വി​ഭാ​ഗം​ ​പ്രൊ​ഫ​സ​റാണ് ലേഖകൻ) ​​​