
കിളിമാനൂർ: മടവൂർ കളരി ഭഗവതി ക്ഷേത്ര മേൽശാന്തി വലംപിരിപ്പിള്ളി മഠം രാജശേഖര ഭട്ടതിരിപ്പാടിന്റെയും കുടുംബത്തിന്റെയും മരണവാർത്തയുടെ ഞെട്ടൽ മാറാതെ ചാങ്ങയിൽക്കോണം ഗ്രാമം. തലേദിവസവും ക്ഷേത്രത്തിൽ നിന്ന് തീർത്ഥവും പ്രസാദവും നൽകിയ മേൽശാന്തിയുടെയും കുടുംബത്തിന്റെയും ദാരുണാന്ത്യം നാട്ടുകാർക്ക് വിശ്വസിക്കാനായിട്ടില്ല.
ഭാര്യ ശോഭ, ടെക്നോപാർക്കിലെ ഐ.ടി കമ്പനിയിൽ ജോലി നോക്കുന്ന ഏക മകൻ നിഖിൽ രാജ് എന്നിവരെയും കൂട്ടി പുലർച്ചെ 5ഓടെ ഏനാത്തുള്ള ഡോക്ടറെ കാണാൻ മടവൂരിൽ നിന്ന് കുളനടയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. എം.സി റോഡിൽ ഏനാത്ത് പുതുശേരിഭാഗത്തുവച്ച് എതിർദിശയിൽവന്ന കാർ ഇവർ സഞ്ചരിച്ച കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ രാജശേഖരഭട്ടതിരിയെ (66) പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ ശോഭ (62), അടൂർ ജനറൽ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ നിഖിൽരാജിനെ (32) തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കുള്ള യാത്രാമദ്ധ്യേ സ്ഥിതി വഷളായതിനെ തുടർന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഡോക്ടറെ കാണാനുള്ള യാത്രയിൽ
കുടുംബത്തിന്റെ ദാരുണാന്ത്യം
രാജശേഖര ഭട്ടതിരിപ്പാടിന്റെ ഷുഗറിന്റെ ചികിത്സയ്‌ക്കായി ഡോക്ടറെ കാണാനാണ് ഇന്നലെ പുലർച്ചെയോടെ ഇവർ പുറപ്പെട്ടത്. ക്ഷേത്രത്തിൽ നാളെ വരാൻ പറ്റില്ലെന്ന് ക്ഷേത്ര ഭാരവാഹികളെ അറിയിക്കുകയും പകരം ഒരാളെ ഏല്പിക്കുകയും ചെയ്‌തു. ഡോക്ടറെ കണ്ടശേഷം കോട്ടയത്തുള്ള മകന്റെ ഗർഭിണിയായ ഭാര്യയെ കാണാനും ഇവർ തീരുമാനിച്ചിരുന്നു.
പുതിയ അതിഥിയെത്തും മുമ്പ് ദുരന്തം
രാജേശേഖര ഭട്ടതിരിപ്പാടും ഭാര്യ ശോഭ, ഏക മകൻ നിഖിൽരാജ്, ഭാര്യ രേഖ എന്നിവരടങ്ങുന്ന കുടുംബം നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവരായിരുന്നു. ക്ഷേത്രകാര്യങ്ങൾക്കും വിവിധ ആവശ്യങ്ങൾക്കുമായി തിരുമേനിയെ കാണാൻ ദിവസവും നിരവധി ആളുകളെത്തിയിരുന്നു. തിരുമേനിയുടെയും കുടുബത്തിന്റെയും പരദേവതകൾ കുടികൊള്ളുന്ന യക്ഷിയമ്പലത്തിൽ ഇനി അന്തിത്തിരി കത്തിക്കാൻ പോലും ആളില്ലാതായി. അതിരാവിലെ ഇവിടെയെത്തി പൂജകൾ നടത്തിയശേഷമേ തിരുമേനി മറ്റ് ക്ഷേത്രങ്ങളിൽ പോയിരുന്നുള്ളൂ. ഐ.ടി കമ്പനിയിൽ ജോലി ചെയ്‌തിരുന്ന നിഖിൽ രാജും ഭാര്യ രേഖയും ജോലിക്ക് പോകാനുള്ള എളുപ്പത്തിനായി കഴക്കൂട്ടത്താണ് താമസിച്ചിരുന്നത്.
മാതാപിതാക്കൾക്കൊപ്പം ആശുപത്രിയിൽ പോകാനാണ് നിഖിൽ കഴക്കൂട്ടത്തുനിന്ന് കുടുംബ വീട്ടിലെത്തിയത്. രണ്ടുവർഷം മുമ്പ് വിവാഹിതരായ നിഖിലിനും രേഖയ്‌ക്കും കുഞ്ഞുജനിക്കാൻ പോകുന്ന സന്തോഷത്തിനിടെയാണ് രേഖയെ തനിച്ചാക്കിയ ദുരന്തം. ഗർഭിണിയായതിനെ തുടർന്ന് രേഖ കോട്ടയത്തെ കുടുംബ വീട്ടിലായിരുന്നു. അപകട വിവരമറിഞ്ഞശേഷം ബന്ധുക്കൾ ഇന്നലെ രേഖയെ വലംപിരിപ്പിള്ളി മഠത്തിലെത്തിച്ചു.