
കാട്ടാക്കട: തെക്കൻ കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ നെയ്യാർഡാമിൽ പ്രവർത്തിച്ചിരുന്ന പലസ്ഥാപനങ്ങളും ഉദ്ഘാടനം ചെയ്ത ശേഷം പൂട്ടി. ഇതോടെ നെയ്യാർഡാം വിനോദ കേന്ദ്രത്തിലെത്തുന്നവർക്ക് വേണ്ടിയുള്ള ക്യാന്റീൻ, നെയ്യാർഡാം പോസ്റ്റോഫീസ് എന്നിവയ്ക്കായി ടൂറിസം വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് പണിത കെട്ടിടമാണ് ഉദ്ഘാടനം ചെയ്തശേഷം അടച്ചിട്ടിരിക്കുന്നത്. ഇപ്പോൾ കെട്ടിടത്തിന് ചുറ്റും കാടുകയറിയ നിലയിലാണ്. ദീർഘകാലത്തെ ഇടവേളയ്ക്ക് ശേഷം നെയ്യാർഡാമിലെത്തുന്ന സഞ്ചാരികൾക്ക് സൗകര്യപ്രദമായ ക്യാന്റീൻ സൗകര്യം ഉണ്ടാകുമോ എന്ന ആശങ്കയും ഇപ്പോഴും നിലനിൽക്കുന്നു. പ്രധാന ഗേറ്റിന് മുൻവശമുള്ള ക്യാന്റീൻ കെട്ടിടം ഉൾപ്പെടുന്ന പരിസരമാകെ ഇപ്പോൾ കാടുകയറി കിടക്കുകയാണ്. കൊവിഡ് 19ന് അയവുവരുത്തുകയും നെയ്യാർഡാമിലേക്ക് സഞ്ചാരികൾ എത്തിത്തുടങ്ങുകയും ചെയ്തു. എന്നിട്ടും ലക്ഷങ്ങൾ മുടക്കി പണിത കെട്ടിടം ലക്ഷ്യത്തിലെത്തിക്കാൻ അധികൃതർ തയാറാകുന്നില്ലെന്നാണ് ആക്ഷേപം. നിലവിൽ നെയ്യാർഡാമിൽ എത്തുന്ന സഞ്ചാരികൾക്ക് ഭക്ഷണം കഴിക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്. നേരത്തെ ഡാമിനുള്ളിൽ ഉണ്ടായിരുന്ന ക്യാന്റീൻ പ്രവർത്തനം ഇല്ലാതായിട്ട് വർഷങ്ങളായി. ഇതിന് പകരമായിട്ടാണ് പുതിയ ക്യാന്റീൻ കെട്ടിടം പണിതത്.
ഉദ്ഘാടനം നടന്നു, പ്രവർത്തനമില്ല
നെയ്യാർഡാമിന്റെ മുൻ വശത്തെ ഗേറ്റിന് സമീപത്താണ് പുതിയ ക്യാന്റീൻ കെട്ടിടം പണിതത്. ഡാമിലെത്തുന്ന സഞ്ചാരികൾക്കും പ്രദേശവാസികൾക്കും ഗുണകരമായ രീതിയിലാണ് നിർമ്മാണം നടത്തിയത്.
വിവിധ ഓഫീസുകൾക്കും ക്യാന്റീനുമായി നിർമ്മിച്ച ഇരുനില കെട്ടിടം നീണ്ട കാത്തിരിപ്പുകൾക്ക് ശേഷമാണ് മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തത്. എന്നാൽ ഉദ്ഘാടന ശേഷം ക്യാന്റീൻ ഇവിടെ പ്രവർത്തനസജ്ജമാക്കാനുള്ള നടപടികളൊന്നുമായില്ല. ഇവിടെ കൊവിഡ് ടെസ്റ്റിംഗ് കേന്ദ്രം തുടങ്ങി. മാസങ്ങൾ പിന്നിട്ടിട്ടും ഈ കേന്ദ്രം ഇവിടെ നിന്നും മാറ്റിയിട്ടുമില്ല. ഇക്കാരണത്താലാണിപ്പോൾ ക്യാന്റീൻ തുറക്കാത്തതെന്നാണ് ഇറിഗേഷൻ അധികൃതർ പറയുന്നത്.
നിർമ്മാണം ഇനിയും ബാക്കി
പുതിയ കെട്ടിടത്തിലെ ഇലക്ട്രിക്ക് ജോലികൾ ഇനിയും തീർക്കേണ്ടതുണ്ട്. എന്നാൽ കൊവിഡ് ടെസ്റ്റിംഗ് സെന്റർ മാറ്റിയാലുടൻ സമയബന്ധിതമായി ജോലികൾ പൂർത്തിയാക്കി ക്യാന്റീൻ പ്രവർത്തനം തുടങ്ങാൻ കഴിയുമെന്നാണ് അധികൃതർ പറയുന്നത്.
നെയ്യാർഡാം പോസ്റ്റോഫീസിന് ഒന്നാം നിലയും, ഗ്രൗണ്ട് ഫ്ലോറിൽ ലഘുഭക്ഷണശാലയ്ക്കുമായാണ് കെട്ടിടം പണിതിട്ടുള്ളത്. ഇറിഗേഷൻ ഓഫീസിനടുത്തായി പോസ്റ്റാഫീസ് കെട്ടിടം ചോർന്നൊലിച്ചതോടെ ഇപ്പോൾ പോസ്റ്റാഫീസ് പുതിയ മന്ദിരത്തിലേക്ക് മാറ്റി സ്ഥാപിച്ചു.
ഫോട്ടോ.................നെയ്യാർഡാമിന്റെ മുൻ വശത്തെ ഗേറ്റിന് സമീപത്തായി നിർമ്മിച്ച പുതിയ ക്യാന്റീൻ കെട്ടിടം.