നെടുമങ്ങാട്: കരകുളം കെൽട്രോൺ ജംഗ്‌ഷന് സമീപം സ്വകാര്യ ആശുപത്രി കെട്ടിട നിർമ്മാണത്തിനിടെ രണ്ടുപേർ മണ്ണിനടയിൽപ്പെട്ട് മരിച്ച സംഭവത്തിന് കാരണമായത് തുടർച്ചയായ മഴയും ഇടിച്ചിട്ട മണ്ണ് നീക്കം ചെയ്യാത്തതും കാരണമെന്ന് വിലയിരുത്തൽ. തഹസീൽദാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
ഇടിഞ്ഞുവീണ ഭാഗത്തിന് മുകളിലായി ഇടിച്ചുകൂട്ടിയിട്ട നൂറുലോഡിലധികം വരുന്ന മണ്ണിൽ വെള്ളം തങ്ങിനിന്നതാണ് നനവ് മാറാതെ മണ്ണിടിച്ചിലിന് കാരണമായതെന്നാണ് വിലയിരുത്തൽ. കരകുളം വിദ്യാധിരാജപുരത്തേക്ക് പോകുന്ന റോഡിന് സമീപത്തെ 43 സെന്റ് വസ്തുവിലാണ് ആശുപത്രികെട്ടിടത്തിന്റെ നിർമ്മാണം നടന്നത്. മരിച്ച വിമൽകുമാർ,ഷിബു എന്നിവർ കരാറുകാരന്റെ തൊഴിലാളികളാണ്. ചരിഞ്ഞ കുന്നിൻപ്രദേശം ഹിറ്റാച്ചി ഉപയോഗിച്ച് ഇടിച്ച് നിരപ്പാക്കി കെട്ടിടത്തിന്റെ സെല്ലാർ ഏരിയയ്‌ക്കായി പില്ലർ പണിയാനെടുത്ത കുഴിയിലെ മണ്ണ് നീക്കം ചെയ്യുന്നതിനിടെയാണ് ഇടിച്ചുനിറുത്തിയിരുന്ന മൺതിട്ടയുടെ ഒരുഭാഗം ഇവർക്ക് മേൽ ഇടിഞ്ഞുവീണത്. കോളം ബീം സ്ട്രക്ച്ചർ ചെയ്യാനെടുത്ത കുഴിയിലേക്ക് ഏകദേശം 30 ലോഡിലധികം വരുന്ന മണ്ണാണ് ഇടിഞ്ഞത്.
സംഭവം നടക്കുമ്പോൾ സൈറ്റ് എൻജിനിയർ അടക്കം സ്ഥലത്തുണ്ടായിരുന്നു. പില്ലർ നിർമ്മിക്കുന്നതിനുള്ള കുഴിയെടുക്കുകയായിരുന്ന ഹിറ്റാച്ചി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്‌താണ് ഇരുവരെയും പുറത്തെടുത്ത്. നിർമ്മാണത്തിന് അനുമതിയുണ്ടെന്നും സ്ഥലത്ത് അപകടാവസ്ഥയില്ലെന്നുമാണ് കരാറുകാരന്റെ പ്രതികരണം.
കൂന കൂട്ടിയിട്ട മണ്ണിൽ വെള്ളം
തങ്ങിനിന്നത് അപകടകാരണം
നിർമ്മാണം നടക്കുന്ന പ്രദേശം പൂർണമായി മറച്ചുകെട്ടിയതിനാൽ എന്താണ് അവിടെ നടക്കുന്നതെന്ന് അറിയാൻ കഴിയുമായിരുന്നില്ലെന്നും അപകടത്തിൽപ്പെട്ടവർക്കൊപ്പമുണ്ടായിരുന്ന രണ്ടുപേർ ഓടിയെത്തി അറിയിച്ചപ്പോഴാണ് അപകട വിവരം പുറത്തറിഞ്ഞതെന്നും നാട്ടുകാർ പറയുന്നു.
അപകടമുണ്ടായ സ്ഥലത്തിനോട് ചേർന്ന് ഉയരത്തിൽ ഇടിച്ചുനിറുത്തിയ ഭാഗത്ത് ഏകദേശം നൂറുലോഡിലധികം മണ്ണ് കൂന കൂട്ടിയിട്ടതിൽ വെള്ളം തങ്ങിനിന്നതാണ് താഴെയുള്ള മണ്ണ് കുതിർന്ന് ഇടിഞ്ഞുവീഴാൻ കാരണമായതെന്ന് സമീപവാസിയും പൊതുപ്രവർത്തകനുമായ അജിത്കുമാർ പറഞ്ഞു. ഫൗണ്ടേഷൻ നിർമ്മിച്ചശേഷം അതിൽ നിറയ്‌ക്കാനായി മാറ്റിയിട്ടതാണ് മണ്ണ്. ഇത് അപകടകരമാണെന്നും മാറ്റണമെന്നും കരാറേറ്റെടുത്തയാളിനോട് പലരും പറഞ്ഞിരുന്നെങ്കിലും കേൾക്കാൻ കൂട്ടാക്കിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
അപകടാവസ്ഥയിൽ
മൊബൈൽ ടവറുകൾ
ആശുപത്രി നിർമ്മാണത്തിന് മണ്ണ് ഇടിച്ചുമാറ്റിയതിന് സമീപത്തെ വസ്‌തുവിൽ രണ്ട് മൊബൈൽ ടവറുകൾ അപകടാവസ്ഥയിൽ നിൽക്കുന്നത് സമീപവാസികളെ ഭീതിലാക്കുന്നു. മണ്ണ് ഇടിച്ചുമാറ്റിയതോടെ രണ്ട് ടവറുകളും എപ്പോൾ വേണമെങ്കിലും വീഴാമെന്ന അവസ്ഥയിലാണ്. ടവറിനോട് ചേർന്ന ഭാഗത്ത് ദൂരപരിധി പാലിക്കാതെ മണ്ണ് ഇടിച്ചുമാറ്റിയതാണ് അപകടാവസ്ഥയ്‌ക്ക് കാരണമെന്ന് നാട്ടുകാരനായ രാജൻ പറഞ്ഞു.