തിരുവനന്തപുരം: വിതുര പഞ്ചായത്തിലെ ബോണക്കാട് എസ്​റ്റേ​റ്റിൽ 3 ഡിവിഷനുകളിലായി നിലവിൽ 171 കുടുംബങ്ങളാണ് താമസിക്കുന്നതെന്നും ഇതിൽ സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്ത 71 കുടുംബങ്ങളാണുള്ളതെന്നും മന്ത്റി വി. ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. ലയങ്ങളെ സംബന്ധിച്ചും തൊഴിലാളി കുടുംബങ്ങളെ സംബന്ധിച്ചുമുള്ള കണക്കുകൾ തൊഴിൽ വകുപ്പ് ശേഖരിച്ചിട്ടുണ്ട്. ഇതിൽ 47 കുടുംബങ്ങളിലെ തൊഴിലാളികൾ വിരമിച്ചു. റിട്ടയർമെന്റ് ആനുകൂല്യം ലഭിക്കാത്തതിനാൽ എസ്​റ്റേ​റ്റ് വിട്ടു പോകുന്നില്ല. വിരമിക്കൽ പ്രായമാകാത്ത 24 കുടുംബങ്ങളിലെ തൊഴിലാളികളുണ്ട്. ജില്ലാ കളക്ടറുടെ റിപ്പോർട്ട് പ്രകാരം ബോണക്കാട് എസ്​റ്റേ​റ്റിലെ മുഴുവൻ ഭൂമിയും വിവിധ ഏജൻസികൾക്ക് നൽകാനുള്ള കുടിശികയെ തുടർന്ന് ജപ്തി ചെയ്തിട്ടുണ്ട്. റവന്യൂ ഉൾപ്പെടെയുള്ള പല വകുപ്പുകളും റവന്യൂ റിക്കവറി നടപടി സ്വീകരിച്ചു വരുന്നതിനാൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് സർക്കാർ ഫണ്ട് ഉപയോഗിച്ച് നിർമ്മാണ പ്രവർത്തനം നടത്തുന്ന കാര്യത്തിൽ പ്രത്യേക തീരുമാനമെടുക്കേണ്ടതായിട്ടുണ്ടെന്നും ജി. സ്​റ്റീഫന്റെ സബ്മിഷന് മന്ത്റി മറുപടി നൽകി.

പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികളുടെ ഉന്നമനത്തിനായി രൂപീകരിച്ച പ്ലാന്റേഷൻ റിലീഫ് കമ്മി​റ്റിയുടെ തിരുവനന്തപുരം ജില്ലാ റിലീഫ് അക്കൗണ്ടിൽ നീക്കിയിരിപ്പുള്ള 2,69,39,755 രൂപയിൽ ബോണക്കാട് എസ്​റ്റേ​റ്റിലെ ലയങ്ങളുടെ പുനരുദ്ധാരണത്തിനായി തയാറാക്കിയ 2,17,00,000 രൂപയുടെ എസ്​റ്റിമേ​റ്റ് പ്രൊപ്പോസൽ സർക്കാർ അംഗീകരിച്ച് ഭരണാനുമതി നൽകിയിരുന്നു. പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിയമിച്ച ഏകാംഗ കമ്മീഷൻ റിട്ട. ജസ്​റ്റിസ് അഭയ് മനോഹർ സപ്രെയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി മഹാവീർ പ്ലാന്റേഷൻസിലെ തൊഴിലാളികളുടെ പി.എഫ്, ഗ്രാ​റ്റുവി​റ്റി ആനുകൂല്യങ്ങൾ സംബന്ധിച്ച് തെളിവെടുപ്പ് നടത്തി. 447 കേസുകളിൽ വിചാരണനടപടികൾ പുരോഗമിക്കുകയാണ്. ഗ്രാ​റ്റുവി​റ്റി തുക 3.44 കോടിയാണ് ക്ലെയിം ചെയ്തിട്ടുള്ളതെന്നും മന്ത്റി അറിയിച്ചു. ബോണക്കാട്ടെ ലയങ്ങളിലെ കുട്ടികൾക്ക് പഠനത്തിന് പോലും അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് കേരളകൗമുദി യൂട്യൂബ് ചാനൽ നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു.