kerala-sub-registrar-offi

# നടപടി കേരളകൗമുദി റിപ്പോർട്ടിനെ തുടർന്ന്

തിരുവനന്തപുരം: സംസ്ഥാനത്തെ 315 സബ് രജിസ്ട്രാർ ഓഫീസുകളെ ദിവസങ്ങളോളം നിശ്ചലമാക്കിയ 'സെർവർ തകരാർ' പരിഹരിച്ചു. ഇന്നലെ വൈകിട്ട് മുതൽ രജിസ്ട്രേഷൻ വകുപ്പിന്റെ സേവനങ്ങൾ ലഭ്യമായി.

സെർവർ തകരാർമൂലം പൊതുജനങ്ങൾക്കും ആധാരം എഴുത്തുകാർക്കുമുണ്ടാവുന്ന ബുദ്ധിമുട്ടും സംസ്ഥാനത്തിനുണ്ടാവുന്ന സാമ്പത്തിക നഷ്ടവും ചൊവ്വാഴ്ച കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ഇന്നലെ പ്രതിസന്ധിയെക്കുറിച്ച് എഡിറ്റോറിയലും പ്രസിദ്ധീകരിച്ചു.

വാർത്ത വന്നതോടെയാണ് അധികൃതർ വിഷയം ഗൗരവമായെടുത്തത്. വകുപ്പ് മന്ത്രി വി.എൻ.വാസവൻ സാങ്കേതിക വിദഗ്ദ്ധരുമായി ചർച്ച നടത്തുകയും ചെയ്തു. നാഷണൽ ഇൻഫർമാറ്റിക് സെന്ററിനാണ് പരിപാലന ചുമതല. അവരുടെ ഡൽഹിയിലുള്ള വിദഗ്ദ്ധസംഘം തകരാർ പരിഹരിക്കാൻ അടിയന്തരമായി ഇടപെട്ടു. ഇത്തരം പ്രതിസന്ധികളുണ്ടാവാതിരിക്കാൻ രജിസ്ട്രേഷൻ വകുപ്പിൽ സാങ്കേതിക വിഭാഗം മേധാവിയെ നിയോഗിക്കണമെന്ന നിർദ്ദേശം ഉയർന്നിട്ടുണ്ട്. രജിസ്ട്രേഷൻ ഐ.ജി തന്നെ ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയെന്നറിയുന്നു.

എല്ലാ സേവനങ്ങളും മുമ്പുണ്ടായിരുന്നതിനേക്കാൾ വേഗത്തിൽ ലഭിച്ചുതുടങ്ങിയതായി ആധാരം എഴുത്തുകാർ പറഞ്ഞു.