തിരുവനന്തപുരം: റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്ത മുരുകേശൻ പിള്ള സഹപ്രവർത്തകരെയും പറ്റിച്ചതായി വിവരം. മെക്കാനിക്കൽ ക്ലാസ് രണ്ട് ജീവനക്കാരനായിരിക്കെ റെയിൽവേയിൽ സംഘടനാനേതാവായ ഇയാൾ ജീവനക്കാരോട് സ്ഥലംമാറ്റം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്. പണം നൽകാൻ വിസമ്മതിച്ച ജീവനക്കാരിയെ ഭീഷണിപ്പെടുത്തിയതു സംബന്ധിച്ചും പരാതികളുണ്ട്.
മുരുകേശനെ സർവീസിൽ നിന്ന് തരംതാഴ്ത്തിയിരുന്നു. പിന്നീട് കേരളത്തിന് പുറത്തേക്ക് സ്ഥലം മാറ്റപ്പെട്ടെങ്കിലും സംഘടനാസ്വാധീനം ഉപയോഗിച്ച് ഇയാൾ കൊച്ചുവേളിയിൽ ഹെൽപ്പർ തസ്തികയിൽ തുടരവേയാണ് ജോലി തട്ടിപ്പിൽ പിടിയിലായത്.തട്ടിപ്പ് നടത്തിയ പണത്തിന്റെ വിനിയോഗം, തട്ടിപ്പിൽ കൂടുതൽ പേരുടെ പങ്ക്, മുരുകേശൻ പിള്ളയുടെ നിയമനം സാധുവാണോ, അനധികൃതമായി ആരെയെങ്കിലും ജോലിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കാനാണ് അഞ്ചുദിവസത്തേക്ക് മുരുകേശനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. മുരുകേശൻ പിള്ളയ്ക്കെതിരെ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ദക്ഷിണ റെയിൽവേ എംപ്ളോയീസ് യൂണിയൻ സമരം സംഘടിപ്പിച്ചു. തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ മുമ്പും തട്ടിപ്പുകേസുകളിൽ പ്രതിയായിട്ടുള്ള മുരുകേശൻ പിള്ള റെയിൽവേ ജീവനക്കാരുടെ ഒരു സംഘടനയുടെ ട്രഷററായിരുന്നുവെന്നും സംഘടനയുടെ ബാങ്ക് അക്കൗണ്ടുൾപ്പെടെ ഇയാൾ തട്ടിപ്പിനായി ഉപയോഗിച്ചിട്ടുണ്ടാകാമെന്നും യൂണിയൻ ആരോപിച്ചു. സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി നൽകിയതായി യൂണിയൻ ഡിവിഷൻ സെക്രട്ടറി കെ.എം അനിൽകുമാർ അറിയിച്ചു.