തിരുവനന്തപുരം: പെരിങ്ങമല ബ്രൈമൂർ എസ്റ്റേറ്റിനുള്ളിൽ പ്രവർത്തിച്ചുവരുന്ന സ്വകാര്യ ടൂറിസ്റ്റ് കേന്ദ്രം ഗ്രാമപഞ്ചായത്തിന്റെ അനുമതിയോടെയല്ല പ്രവർത്തിക്കുന്നതെന്ന് മന്ത്റി വി. ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചു. ബ്രൈമൂർ എസ്റ്റേറ്റിന്റെ നിയന്ത്റണവും നടത്തിപ്പും സ്വകാര്യ മാനേജ്‌മെന്റായതിനാൽ പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് എസ്റ്റേറ്റിനുള്ളിൽ പ്രവൃത്തികളൊന്നും നടത്തിയിട്ടില്ലെന്നും ഡി.കെ. മുരളിയുടെ സബ്മിഷന് മന്ത്റി മറുപടി നൽകി.
പ്ലാന്റേഷനിൽ ഗ്രാമ്പു, ജാതിക്ക, കുരുമുളക്, റബർ എന്നിവയാണ് പ്രധാന കൃഷി. കൂടാതെ തേയിലയും കൃഷി ചെയ്യുന്നു. എന്നാൽ തേയിലയിൽ നിന്ന് ഇപ്പോൾ ആദായം എടുക്കുന്നില്ല. ബ്രൈമൂർ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് നിയമപരമായ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിൽ നെടുമങ്ങാട് പ്ലാന്റേഷൻ ഇൻസ്‌പെക്ടർ എസ്റ്റേറ്റിൽ പരിശോധന നടത്തിയിരുന്നു. തൊഴിലാളികൾക്ക് 300 രൂപയാണ് ദിവസവേതനമായി ലഭിക്കുന്നത്. പ്ലാന്റേഷൻ ലേബർ നിയമത്തിലെ വ്യവസ്ഥകൾക്ക് അനുസൃതമായി കുടിവെള്ള സൗകര്യം ലഭ്യമാക്കാത്തതിനാൽ പരിശോധനാവേളയിൽ നിയമ ലംഘനത്തിന് നോട്ടീസ് നൽകി.
എസ്റ്റേറ്റിനെ സംബന്ധിച്ച നിയമ ലംഘനങ്ങൾ പരിഹരിക്കുന്നതിന് 3 മാസത്തെ സമയം തൊഴിലുടമ ആവശ്യപ്പെട്ടിട്ടുണ്ട്. നിശ്ചിത സമയപരിധിക്കകം നിയമലംഘനങ്ങൾ പരിഹരിച്ചില്ലെങ്കിൽ തൊഴിലുടമയ്‌ക്കെതിരെ നെടുമങ്ങാട് പ്ലാന്റേഷൻ ഇൻസ്‌പെക്ടർ മുഖേന നിയമപരമായ നടപടികൾ സ്വീകരിക്കാമെന്നും മന്ത്റി അറിയിച്ചു.