1

തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് സ്വന്തം അഭിരുചിക്കനുസരിച്ച് പഠന-തൊഴിൽമേഖല തിരഞ്ഞെടുക്കുന്നതിനായി ഇൻസൈറ്റോ നാഷണൽ 2022' പദ്ധതിക്ക് തുടക്കം കുറിച്ചു.വിദ്യാഭ്യാസം, ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം തുടങ്ങിയ വിഷയങ്ങളെ കുറിച്ച് സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി സംസാരിച്ചു. 'ജീവിതത്തിനു വേണ്ടിയല്ല പഠനം, പഠനമാണ് ജീവിതം' എന്ന സന്ദേശം നൽകിയാണ് നാഷണൽ കോളേജിലെ വിദ്യാർത്ഥികളുമായി സംവാദം നടത്തിയത്. വിദ്യാർത്ഥികളുടെ വിവിധ വിഷയങ്ങളിലുള്ള സംശയങ്ങൾക്കും അദ്ദേഹം മറുപടി നൽകി. ചടങ്ങിൽ റാങ്ക് കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും പി.എച്ച്.ഡി നേടിയ അദ്ധ്യാപകരെയും ആദരിച്ചു. മനാറുൽ ഹുദാ ട്രസ്റ്റ് ഡയറക്ടർ മുഹമ്മദ് ഇഖ്ബാൽ അദ്ധ്യക്ഷത വഹിച്ചു. നാഷണൽ കോളേജ് പ്രിൻസിപ്പൽ ഡോ. എസ്.എ ഷാജഹാൻ, അക്കാഡമിക് കോർഡിനേറ്റർ ഫാജിസ ബീവി, ഐ.ക്യു.എ.സി കോർഡിനേറ്റർ ഷബീർ അഹമ്മദ്, സ്റ്റാഫ് അഡ്വൈസർ ശംഭു കെ.കെ,വൈസ് പ്രിൻസിപ്പൽ ജസ്റ്റിൻ ഡാനിയൽ തുടങ്ങിയവർ പങ്കെടുത്തു. ജോയ് വാഴയിൽ രചിച്ച കവിതയായ 'ദേവശില്പം' മലയാളം അദ്ധ്യാപകനായ സുരേഷ് കുമാർ എസ്. എൻ, വിദ്യാർത്ഥിനി ജിൻഷാ ജെ.ബി എന്നിവർ ആലപിച്ചു.