sri

തിരുവനന്തപുരം: പ്രതിസന്ധി ഘട്ടത്തിൽ ശ്രീലങ്കയ്ക്ക് തുണയായി ഇതുവരെ അവിടെ വരുന്നതും പോകുന്നതുമായ നൂറോളം വിമാനങ്ങൾക്ക് ഇന്ധനം നിറയ്ക്കാൻ സൗകര്യമൊരുക്കിയതിനാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് കേന്ദ്ര സർക്കാരിന്റെ അഭിനന്ദനം ലഭിച്ചത്. ഇവിടെ നിന്ന് ഇന്ധനം നിറയ്ക്കുന്നത് ശ്രീലങ്കൻ എയർലൈൻസിന്റെ 65 വിമാനങ്ങളും ശേഷിക്കുന്നത് മറ്റുള്ള രാജ്യങ്ങളിലെ വിമാനങ്ങളുമാണ്.

ശ്രീലങ്കൻ എയർലൈൻസിന്റെ വലിയ വിമാനങ്ങൾക്ക് ഇന്ധന വിലയായി 1.08 ലക്ഷം രൂപയും ഫ്ലൈ ദുബായ് പോലുള്ള ചെറിയ വിമാനങ്ങൾക്ക് അരലക്ഷത്തോളം രൂപയും ഈടാക്കും. തിരുവനന്തപുരത്തു നിന്നു സർവീസ് നടത്തുന്ന വിമ‍ാനങ്ങൾക്കു നൽകുന്ന അതേ നിരക്കിലാണ് ശ്രീലങ്കൻ വിമാനങ്ങൾക്കും ഇന്ധനം നൽകുന്നത്. ഇതുകൂടാതെ അറുപതിനായിരം മുതൽ ഒരുലക്ഷം രൂപ വരെ ലാൻഡിംഗ് ചാർജായും വിമാനത്താവളത്തിന് നൽകണം. വിമാനങ്ങൾക്ക് ശരാശരി ഒരു മണിക്കൂറാണ് ഇവിടെ തുടരാൻ അനുമതി. നിത്യേന ശരാശരി മൂന്നു വിമാനങ്ങളെങ്കിലും ഇന്ധനം നിറയ്ക്കാൻ ശ്രീലങ്കയിൽ നിന്ന് എത്തുന്നതായി വിമാനത്താവള അധികൃതർ പറഞ്ഞു.

ശ്രീലങ്കയിൽ വിമാനങ്ങൾക്കു വേണ്ട ഏവിയേഷൻ ടർബൈൻ ഫ്യുവലിന് (എ.ടി.എഫ്)​ കടുത്ത ക്ഷാമമായതോടെയാണ് വിമാനങ്ങൾ ഏറ്റവുമടുത്ത വിമാനത്താവളമായ തിരുവനന്തപുരത്തേക്ക് ഇന്ധനം നിറയ്ക്കാൻ എത്തിത്തുടങ്ങിയത്. രാജ്യാന്തര വിമാനങ്ങളുടെ ഇന്ധന സ്റ്റേഷനായി തിരുവനന്തപുരം വിമാനത്താവളത്തെ മാറ്റണമെന്ന ശുപാർശ കേന്ദ്രത്തിന്റെ പരിഗണനയിലാണ്.