തിരുവനന്തപുരം: നഗരസഭ കെട്ടിട നിർമ്മാണ തട്ടിപ്പിൽ രണ്ട് താത്കാലിക ജീവനക്കാരടക്കം നാല് പേർ പൊലീസ് അറസ്റ്റിൽ. സിറ്റി സൈബർ പൊലീസ് ഇന്നലെ വൈകിട്ടോടെ ചോദ്യം ചെയ്യാൻ ഇവരെ കസ്റ്റഡിയിലെടുത്ത ശേഷമാണ് രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കേശവദാസപുരത്തുള്ള കെട്ടിടത്തിന് അനധികൃതമായി നമ്പർ നൽകിയതിൽ രണ്ട് ഡാറ്റ എൻട്രി ഓപ്പറേറ്റർമാർക്കുള്ള പങ്ക് കോർപ്പറേഷന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിൽ ഒരാൾ ഉപയോഗിച്ച കംപ്യൂട്ടറിൽ നിന്നാണ് അനധികൃതമായി നമ്പർ നൽകിയതെന്നാണ് പരിശോധനയിൽ തെളിഞ്ഞത്. രണ്ട് പേരെയും ജോലിയിൽ നിന്ന് മാറ്റിനിറുത്തിയിട്ടുണ്ട്. എന്നാൽ ഇവരെയല്ല അറസ്റ്റു ചെയ്‌തത്.

ഫോർട്ട് മേഖല ഓഫീസിലെ ബീനാ കുമാരി, കടകംപള്ളി മേഖല ഓഫീസിലെ സന്ധ്യ എന്നീ രണ്ട് ഡാറ്റ എൻട്രി ഓപ്പറേറ്റർമാരെയാണ് അറസ്റ്റുചെയ‌്തത്. തട്ടിപ്പിന് ഇടനില നിന്നവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.ഇവരെ കൂടാതെ
രണ്ട് ഇടനിലക്കാരായ കാഞ്ഞിരംകുളം സ്വദേശി ഷെക്സിൻ (ലാലു), കോവളത്തുള്ള ബാങ്ക് ജീവനക്കാരനായ വലിയതുറ സ്വദേശി ക്രിസ്റ്റഫർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൂടുതൽ ജീവനക്കാർക്ക് പങ്കുണ്ടോ എന്നതാണ് പ്രധാനമായും പരിശോധിക്കുന്നത്. അന്വേഷണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിടരുതെന്ന് അന്വേഷണ സംഘത്തിന് മുകളിൽ നിന്ന് നി‌ർദ്ദേശമുണ്ട്. മെയിൻ ഒാഫീസിലെ തട്ടിപ്പുകൂടാതെ നൂറിലധികം കെട്ടിടങ്ങൾക്ക് അനധികൃതമായി നമ്പർ നൽകി ക്രമക്കേട് നടത്തിയെന്നാണ് സൂചന.

കസ്റ്റഡിയിലെടുത്തയുടനെ അന്വേഷണ സംഘത്തിന് മാറ്റം

ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തയുടനെ അന്വേഷണ സംഘത്തിന് മാറ്റം. സൈബ‌ർ ക്രൈമിൽ നിന്ന് മ്യൂസിയം പൊലീസിനാണ് ഇനിയുള്ള അന്വേഷണം.കന്റോൺമെന്റ് എ.സി.പിക്കാണ് അന്വേഷണത്തിന്റെ മേൽനോട്ടം. സൈബർ‌ ക്രൈം വിഭാഗത്തിന്റെ അന്വേഷണത്തിൽ പുരോഗതിയില്ലായെന്ന് കേരള കൗമുദി ഇന്നലെ വാ‌ർത്ത

പ്രസിദ്ധീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണ സംഘത്തെ മാറ്റിയത്.ചുമതല മാറ്റിയെങ്കിലും സൈബർ പൊലീസിന്റെ സഹകരണവും ഉണ്ടാകും. ഉപയോഗിച്ച കംപ്യൂട്ടറുകൾ, സോഫ്ട് വെയർ എന്നിവയുടെ വിശദ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. തട്ടിപ്പ് നടന്ന ദിവസത്തെ സി.സി ടിവി ദൃശ്യങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നുണ്ട്.

തട്ടിപ്പിന്റെ വ്യാപ്തി കൂടുമോ

നിലവിൽ കസ്റ്റഡിയിലെടുത്തവർ നഗരസഭ മെയിൽ ഓഫീസിൽ എങ്ങനെയെത്തി, ആരുമായി എത്തി, മറ്റ് ഉദ്യോഗസ്ഥരാണോ ഇതിന് സഹായിച്ചത് തുടങ്ങിയ കാര്യങ്ങളും പരിശോധിക്കുന്നുണ്ട്. അജയ ഘോഷ് എന്നയാളുടെ പേരിലുള്ള കേശവദാസപുരത്തെ കെട്ടിടങ്ങൾക്കാണ് അനധികൃതമായി നമ്പർ നൽകിയത്. ജനുവരി 28ന് രാവിലെ 8.30നാണ് കോർപ്പറേഷൻ പ്രധാന ഓഫീസിലെ കംപ്യൂട്ടറിൽ നിന്ന് അനധികൃതമായി കെട്ടിടങ്ങൾക്ക് നമ്പർ നൽകിയത്.എന്നാൽ കൂടുതൽ ക്രമക്കേട് നടന്നെന്നും അതിന്റെ ഭാഗമായാണ് ഇപ്പോൾ നാലുപേരുടെ അറസ്റ്റെന്നാണ് സൂചന.