1

വിഴിഞ്ഞം: മകനെ അപായപ്പെടുത്തിയതാണ്, നീതി ലഭിക്കണമെന്നും മൂന്നുപ്രതികളെയും പിടികൂടണമെന്നും കിരണിന്റെ പിതാവ് മധു പറഞ്ഞു. ഇന്നലെ തമിഴ്നാട് കുളച്ചൽ നിദ്രവിള ഇരയിമ്മൻതുറ കടൽത്തീരത്തടിഞ്ഞ മൃതദേഹം കിരണിന്റേതെന്ന് തിരിച്ചറിഞ്ഞശേഷമാണ് മധു ഇക്കാര്യം പറഞ്ഞത്. മകൻ ഒരിക്കലും കടലിൽ ചാടില്ലെന്നും മധു പറഞ്ഞു.

ഡി.എൻ.എ പരിശോധനാഫലം മൂന്ന് ദിവസത്തിനകം ലഭിക്കുമെന്നും അതിനുശേഷമേ ഉറപ്പുപറയാൻ പറ്റൂവെന്നും ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ എസ്. ഷാജി പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയാണ് പെൺസുഹൃത്തിനെ കാണാൻ കിരൺ ബന്ധുക്കളായ രണ്ട് യുവാക്കൾക്കൊപ്പം ആഴിമലയിലെത്തിയത്. അവിടെവച്ച് പെൺസുഹൃത്തിന്റെ സഹോദരൻ ഉൾപ്പെടെ മൂന്നുപേർ മർദ്ദിക്കുകയും ബൈക്കിൽ കയറ്റി കൊണ്ടുപോകുകയും ചെയ്‌തശേഷമാണ് കിരണിനെ കാണാതായത്. ഒളിവിൽ പോയ മൂന്നുപേർക്കുമായി അന്വേഷണം ഊർജിതമാക്കിയെന്ന് പൊലീസ് പറഞ്ഞു.

പ്രതി കീഴടങ്ങാൻ

എത്തിയെന്ന് അഭ്യൂഹം

ഒളിവിൽ കഴിയുന്ന പ്രതികളിലൊരാൾ സുഹൃത്തുക്കൾക്കൊപ്പം ഇന്നലെ രാവിലെ വിഴിഞ്ഞം സ്റ്റേഷനിൽ കീഴടങ്ങാനെത്തിയതായി അഭ്യൂഹമുണ്ടായി. എന്നാൽ പ്രതി തിരികെപ്പോയെന്നും പൊലീസ് പിടികൂടിയില്ലെന്നും കിരണിന്റെ ബന്ധുക്കൾ ആരോപിച്ചു.