
തിരുവനന്തപുരം: പി.എം.ജി പ്ലാമൂട് റോഡിൽ തടിലോറി കാറിലും വൈദ്യുതി പോസ്റ്റിലും ഇടിച്ച് അപകടം. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. പാളയത്തുനിന്ന് പട്ടം ഭാഗത്തേയ്‌ക്ക് തടി കയറ്റിപ്പോയ കൂറ്റൻ ലോറിയാണ് നിയന്ത്രണം തെറ്റി അപകടത്തിൽപ്പെട്ടത്.
നിയന്ത്രണംതെറ്റിയ ലോറി ആദ്യം രണ്ട് കാറിൽ ഇടിച്ചു, തുടർന്ന് കെ.എസ്.ആർ.ടി.സിയുടെ ഗരുഡ ബസിൽ ഇടിച്ചശേഷം സമീപത്തുണ്ടായിരുന്ന നാല് വൈദ്യുത പോസ്റ്റുകൾ കൂടി ഇടിച്ചുമറിച്ചാണ് ലോറി നിന്നത്. വൈദ്യുതി പോസ്റ്റ് വീണ് രണ്ടുകാറിന് കേടുപാടുകൾ സംഭവിച്ചു. ഇടിയിൽ കെ.എസ്.ആർ.ടി.സി ഗരുഡ ബസിന്റെ ഒരു വശത്തെ ഗ്ലാസ് തകർന്നു. യാത്ര മുടങ്ങുന്ന സ്ഥിതിയായതോടെ ബസിനെ തിരിച്ച് തമ്പാനൂർ ബസ്‌ടെർമിനലിലെത്തിച്ചു.
പകരം ബസ് വിട്ടുനൽകണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടെങ്കിലും എ.സി.ബസ് നിലവിൽ ഇല്ലാത്തതിനാൽ ഇതിനും കഴിഞ്ഞില്ല. ഗ്ലാസും സൈഡ് മിററും മാറ്റി 11ഓടെ ഇതേ ബസ് തന്നെ മൈസൂരുവിലേക്ക് പുറപ്പെട്ടതായി കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു. അപകടത്തെ തുടർന്ന് ഇതുവഴിയുള്ള വാഹനങ്ങൾ നന്തൻകോട്, പി.എം.ജി.വഴിയാണ് കടത്തിവിട്ടത്.
കാറുകളിലും ബസിലും യാത്ര ചെയ്‌ത ആർക്കും പരിക്കേറ്റിട്ടില്ല. അപകടത്തെ തുടർന്ന് ഒരുമണിക്കൂറോളം ഗതാഗത തടസമുണ്ടായി. തുടർന്ന് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി വാഹനങ്ങൾ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. അമിത തടി കയറ്റി വന്ന ലോറി മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു.