ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കാപ്പ ഇന്ന് ആരംഭിക്കും

മഞ്ജു വാര്യർ അടുത്ത ആഴ്ച ജോയിൻ ചെയ്യും

ഛായാഗ്രഹണം ജോമോൻ ടി. ജോൺ

shaji

കടുവക്കുശേഷം പൃഥ്വിരാജും ഷാജി കൈലാസും വീണ്ടും ഒരുമിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം കാപ്പ ഇന്ന് തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിക്കും. ചിത്രത്തിന്റെ പൂജ രാവിലെ 9.30ന് പാളയം വി.ജെ.ടി ഹാളിൽ നടക്കും. കാപ്പയിൽ അഭിനയിക്കാൻ അറുപത് ദിവസം പൃഥ്വിരാജ് തിരുവനന്തപുരത്തുണ്ടാവും. ഇടവേളയ്ക്കുശേഷം പൃഥ്വിരാജ് ചിത്രത്തിന് തലസ്ഥാനം ലൊക്കേഷൻ ആവുന്നു എന്ന പ്രത്യേകതയുണ്ട്. തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തിന്റെ കഥ പറയുന്ന ജി.ആർ. ഇന്ദുഗോപൻ എഴുതിയ ശംഖുമുഖി എന്ന നോവലിനെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിൽ കൊട്ട മധു എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. മഞ്ജു വാര്യർ, ആസിഫ് അലി, അന്ന ബെൻ എന്നിവരാണ് ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മഞ്ജുവാര്യർ അടുത്ത ആഴ്ച ചിത്രത്തിൽ ജോയിൻ ചെയ്യും. ദിലീഷ് പോത്തൻ, ജഗദീഷ് ,നന്ദു എന്നിവരും താരനിരയിലുണ്ട്. ജോമോൻ ടി. ജോൺ ഛായാഗ്രഹണം നിർവഹിക്കുന്നു. ജിനു എബ്രഹാം, ഡോൾവിൻ കുര്യാക്കോസ് , ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച തിയേറ്റർ ഒഫ് ഡ്രീംസ്, ഫെഫ്‌ക റൈറ്റേഴ്സ് യൂണിയന്റെ സഹകരണത്തിൽ നിർമ്മിക്കുന്ന ചിത്രമാണ് കാപ്പ.