photo

പാലോട്: ശേഷിക്കുന്ന 30 സെന്റ് വസ്തുകൂടി കൊടുക്കാത്തതിന്റെ പേരിൽ 63 കാരിയായ അമ്മയെ

കൊലപ്പെടുത്താൻ ശ്രമിക്കുകയും, കമ്പികൊണ്ട് കാലടിച്ചൊടിക്കുകയും ചെയ്ത മകനെ പാലോട് പൊലീസ് അറസ്റ്റുചെയ്തു. കുറുപുഴ പവ്വത്തൂർ ശാന്തി ഭവനിൽ ശാന്തുലാൽ (42) ആണ് പിടിയിലായത്. ചന്ദ്രികയാണ് മകന്റെ ആക്രമണത്തിന് ഇരയായത്. ചന്ദ്രിക 60 സെന്റ് വസ്തു നേരത്തെ മകന് എഴുതിക്കൊടുത്തിരുന്നു. അത് പോരെന്നു പറഞ്ഞാണ് വഴക്കുണ്ടാക്കുകയും ചന്ദ്രികയുടെ കാലടിച്ചൊടിക്കുകയും ചെയ്തത്. തള്ളിയിട്ടതിനെ തുടർന്ന് തല പൊട്ടുകയും ചെയ്തു. നാട്ടുകാരാണ് ചന്ദ്രികയെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. പേരൂർക്കട സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണിപ്പോൾ.ചൊവ്വാഴ്ച രാവിലെയായിരുന്നു മകന്റെ പൈശാചികമായ ആക്രമണം. കൂലിപ്പണിക്കാരനാണിയാൾ. ശാന്തുലാലിനെക്കൂടാതെ ഒരു മകളുണ്ട് ചന്ദ്രികയ്ക്ക്. വിവാഹിതയായ ഇവർ ദൂരെയാണ് താമസം.ഇവർക്കും മാതാവ് 60 സെന്റ് നൽകിയിരുന്നു. തൊഴിലുറപ്പ് പണിക്കുപോയി കിട്ടുന്ന രൂപ ചന്ദ്രിക മകന്റെ കുടുംബത്തിനാണ് നൽകുന്നത്.ഇതിന്റെയൊക്കെപ്പേരിൽ മകൾ അമ്മയെ നോക്കാറില്ലെന്ന് നാട്ടുകാർ പറയുന്നു.