കല്ലമ്പലം: ദേശീയപാതയ്‌ക്ക് സമീപം ചാത്തമ്പറയിൽ ഒരുവർഷം മുമ്പ് പ്രവർത്തനം ആരംഭിച്ച ബിവ്കോ ഔട്ട‌്ലെറ്റിൽ സുരക്ഷാ സംവിധാനങ്ങളില്ലാത്തത് ജീവനക്കാരെ വലയ്‌ക്കുന്നതായി പരാതി. കഴിഞ്ഞ എട്ടിന് ഇവിടെനിന്ന് 11,000 രൂപയുടെ മദ്യം മോഷണം പോയിരുന്നു. ശരാശരി 15 ലക്ഷം മുതൽ 20 ലക്ഷം വരെയാണ് ഇവിടത്തെ പ്രതിദിന വരുമാനം.
ഷോപ്പിന്റെ പിൻഭാഗത്തെ ടോയ്‌ലെറ്റിലെ മുകൾ ഭാഗത്ത് എക്സോസ്റ്റ് ഫാൻ ഘടിപ്പിക്കാനുള്ള ഒഴിഞ്ഞ ദ്വാരം വഴിയാണ് മോഷ്ടാവ് അകത്തുകയറിയത്. സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായെങ്കിലും സുരക്ഷാസംവിധാനങ്ങൾ ഇതുവരെ മെച്ചപ്പെട്ടിട്ടില്ല. കഴിഞ്ഞ മാസം 15 മുതൽ വാക്ക് ഇൻ കൗണ്ടറായി പ്രവർത്തനം തുടങ്ങിയതോടെയാണ് പ്രശ്‌നം രൂക്ഷമായത്. 10 ജീവനക്കാരുള്ള സ്ഥാപനത്തിൽ ഏഴുപേരും വനിതകളാണ്. രാവിലെ 10 മുതൽ രാത്രി 9 വരെ തുടർച്ചയായി ജോലി ചെയ്‌ത് സ്റ്റോക്ക് നോക്കി ഷോപ്പിൽ നിന്ന് ഇറങ്ങുമ്പോൾ രാത്രി 10 കഴിയും.
ഇത്രയും മണിക്കൂർ വിശ്രമമില്ലാതെ ജോലി ചെയ്‌താലും കിട്ടുന്ന ശമ്പളത്തിന്റെ ഒരു ഭാഗം മോഷണം പോകുന്ന സാധനങ്ങളുടെ വിലയായി നൽകേണ്ടിവരുന്നെന്നാണ് ഇവരുടെ പരാതി.