p

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ താഴെത്തട്ടിൽ കരാർ നിയമനങ്ങൾ നടത്തില്ലെന്നും നിലവിലുള്ള 461ഡ്രൈവർമാർ, 8994 കണ്ടക്ടർമാർ എന്നിവരെ നിലനിറുത്തി മുന്നോട്ട് പോകുമെന്നും മന്ത്രി ആന്റണി രാജു നിയമസഭ ചോദ്യോത്തരവേളയിൽ പറഞ്ഞു. സുശീൽ ഖന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിംഗിൾ ഡ്യൂട്ടി സംവിധാനം ശാസ്ത്രീമായി നടപ്പാക്കും. ഇതോടെ നിലവിലുള്ള ജീവനക്കാരെ ഉപയോഗിച്ച് മുഴുവൻ സർവീസുകളും നടത്താനാകും. കൊവിഡിന് മുമ്പ് പ്രതിദിനം 30 ലക്ഷം യാത്രക്കാരുണ്ടായിരുന്നത് 18 ലക്ഷമായി കുറഞ്ഞു.

93 അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസുകളിൽ അടുത്തയാഴ്ച മുതൽ 15 എണ്ണം പ്രവർത്തിക്കൂ. ശേഷിക്കുന്നവ ജില്ലകളിലെ ഹെഡ്ക്വാർട്ടേഴ്‌സുകളുമായി ബന്ധപ്പെടുത്തും. കൺസെഷൻ, പാസ് എന്നിവയ്‌ക്ക് തടസമുണ്ടാകില്ല. നഷ്ടമില്ലാത്ത റൂട്ടുകളിൽ നിറുത്തിവച്ച സർവീസുകൾ ഘട്ടംഘട്ടമായി പുനഃസ്ഥാപിക്കും.

2012ന് ശേഷം ആദ്യമായി മേയിൽ 5.42 കോടിയും ജൂണിൽ 3.68 കോടിയും ലാഭമുണ്ടായി. എന്നാൽ, പഴയ ബാദ്ധ്യതകൾ കെ.എസ്.ആർ.ടി.സിയെ പ്രതിസന്ധിയിലാക്കുന്നു. ഡീസൽ, സ്‌പെയർ പാർട്‌സ്, വായ്പാ തിരിച്ചടവ് ഉൾപ്പെടെയുള്ള ചെലവുകൾ കഴിഞ്ഞ് വരവും ചെലവും തമ്മിലുള്ള അന്തരം 100കോടി രൂപയാണ്. ഈ അന്തരമാണ് ശമ്പള വിതരണത്തിലെ തടസമെന്നും മന്ത്രി പറ‍ഞ്ഞു.