തിരുവനന്തപുരം: കർക്കടക വാവിനോടനുബന്ധിച്ച് ജില്ലയിലെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിലൊന്നായ അരുവിക്കരയിൽ വിപുലമായ തയ്യാറെടുപ്പുകളുമായി അരുവിക്കര ഗ്രാമപഞ്ചായത്ത്. സുരക്ഷിതമായി ബലിതർപ്പണം നടത്താനുള്ള സജ്ജീകരണങ്ങളാണ് ഒരുക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് കളത്തറ മധു പറഞ്ഞു. 28ന് പുലർച്ചെ നാല് മുതൽ ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കും. മുൻ വർഷത്തേതിൽ നിന്ന് വ്യത്യസ്തമായി അരി വേവിച്ച് പിണ്ഡം വച്ച് ബലിയിടുന്ന രീതിയിലാണ് ഇത്തവണ ചടങ്ങ് നടക്കുക.വലിയ തിരക്കുണ്ടാകാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് മുന്നൊരുക്കങ്ങൾ നടത്തിയിരിക്കുന്നത്. ഒരേ സമയം 500 പേർക്ക് വരെ ബലിയിടാനുള്ള തരത്തിലാണ് ക്രമീകരണങ്ങൾ. ബലിമണ്ഡപം,ബലിക്കടവ് എന്നിവിടങ്ങളിലാണ് ചടങ്ങുകൾ നടക്കുക. വാവുബലിയോടനുബന്ധിച്ച് അരുവിക്കര ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കാർഷിക വ്യാവസായിക പ്രദർശനവും നടത്തും. 23 മുതൽ 28 വരെ ഡാം സൈറ്റിലാണ് പ്രദർശന മേള സംഘടിപ്പിക്കുക. 23ന് വൈകിട്ട് 5ന് മന്ത്രി ജി.ആർ.അനിൽ മേള ഉദ്ഘാടനം ചെയ്യും.23 മുതൽ ഡാം സൈറ്റിലെ സ്വാഗതസംഘം ഓഫീസിൽ നിന്ന് ബലിതർപ്പണ കൂപ്പണുകൾ 50 രൂപ നൽകി മുൻകൂറായി വാങ്ങാം.അടിയന്തര സാഹചര്യം നേരിടാൻ പൊലീസ്, റവന്യൂ, ഫയർഫോഴ്സ്, ആരോഗ്യ വകുപ്പുകളുടെ പ്രത്യേകം കൺട്രോൾ റൂമുകളും പ്രവർത്തിക്കും.