p

തിരുവനന്തപുരം: നാല് ലക്ഷം മെട്രിക് ടൺ പച്ചക്കറി കൂടി ഉത്പാദിപ്പിച്ചാൽ സംസ്ഥാനം പച്ചക്കറി ഉത്പാദനത്തിൽ സ്വയം പര്യാപ്തതയിലെത്തുമെന്ന് മന്ത്രി പി. പ്രസാദ് നിയമസഭയിൽ പറഞ്ഞു. കാർഷിക സർവകലാശാലയുടെ പച്ചക്കറി ഉത്പാദന പദ്ധതി നടപ്പാക്കുന്നതോടെ ഈ ലക്ഷ്യത്തിലെത്തും. 2015-16ൽ 6.28 ലക്ഷം മെട്രിക് ടൺ പച്ചക്കറി സംസ്ഥാനത്ത് ഉത്പാദിപ്പിച്ചപ്പോൾ 2021-22ൽ 16.01 ആയി ഉയർന്നു. നാഷണൽ സാമ്പിൾ സർവേ ഓർഗനൈസേഷൻ റിപ്പോർട്ടുപ്രകാരം നിലവിൽ വേണ്ടത് 20 ലക്ഷം മെട്രിക് ടൺ ആണ്. പുറത്തു നിന്നെത്തുന്ന പച്ചക്കറിയിലെ വിഷാംശം പരിശോധിക്കാൻ കാർഷിക സർവകലാശാല പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. കാലാവസ്ഥാമാറ്റം ഉണ്ടാകുന്നതിന് അനുസരിച്ച് പുതിയ രീതികൾ കൃഷിയിൽ പരീക്ഷിക്കണം.

വിള ഇൻഷ്വറൻസ്

പദ്ധതി പരിഷ്‌കരിക്കും

വിള ഇൻഷ്വറൻസ് പദ്ധതി പരിഷ്‌കരിച്ച് സ്‌മാർട്ട് ക്രോപ് ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കും.

ഇന്റർനെറ്റും അക്ഷയ സേവനങ്ങളും ലഭ്യമല്ലാത്ത ഇടങ്ങളിൽ വിള ഇൻഷ്വറൻസ് അപേക്ഷകൾ കൃഷിഭവൻ ഉദ്യോഗസ്ഥർ കർഷകരിൽ നിന്ന് നേരിട്ട് ശേഖരിച്ച് എ.ഐ.എം.എസ് പോർട്ടലിൽ രജിസ്റ്റർ ചെയ്യും. പ്രീമിയം കേരളാ ബാങ്ക് ശാഖയിൽ അടച്ച രസീത് അപ്‌ലോഡ് ചെയ്യണമെന്ന വ്യവസ്ഥ ഒഴിവാക്കും. വിളനാശമുണ്ടായാൽ കണക്കു സമർപ്പിക്കാനുള്ള സമയം 15ൽ നിന്ന് 30 ദിവസമാക്കും.