p

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസനം തടയാനും സർക്കാരിനെ ആക്ഷേപിക്കാനും മാത്രമാണ് കേന്ദ്രമന്ത്രി വി. മുരളീധരൻ നാവു ചലിപ്പിക്കുന്നതെന്നും ഇത് അവസാനിപ്പിക്കണമെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ദേശീയപാതയിലെ കുഴികൾ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് കേന്ദ്രമന്ത്രിക്കെതിരെ റിയാസ് വിമർശനം ഉന്നയിച്ചത്.

'ദേശീയ പാതയിലെ കുഴികളെക്കുറിച്ച് പറയുമ്പോൾ പൊതുമരാമത്ത് റോഡുകളുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി ആക്ഷേപം ഉന്നയിച്ചത് ദൗർഭാഗ്യകരമാണ്. കേരളത്തിന്റെ വികസനകാര്യത്തിൽ അദ്ദേഹം സഹായിക്കാറില്ല. ദേശീയപാത പരിപാലനത്തിന് ഉത്തരവാദപ്പെട്ടവർ കേരളത്തിലെ പൊതുമരാമത്ത് വകുപ്പിനെ കാട്ടി മറുപടി പറയുകയാണ്. ഇത് ദൗർഭാഗ്യകരമാണ്. പ്രശ്നം പരിഹരിക്കാനുള്ള ഇടപെടൽ നടത്തേണ്ടതായിരുന്നു.'- മന്ത്രി റിയാസ് പറഞ്ഞു.

മൂന്ന് ലക്ഷം കിലോമീ​റ്ററോളം റോഡുകളാണ് കേരളത്തിലുള്ളത്. ഇവയൊക്കെ വിവിധ വകുപ്പുകളുടേതാണ്. റോഡ് എന്നാൽ പി.ഡബ്ല്യു.ഡി എന്നാണ് പൊതുബോധം. യഥാർത്ഥത്തിൽ കേരളത്തിലെ മൊത്തം റോഡുകളുടെ പത്തിലൊന്ന് മാത്രമാണ് പൊതുമരാമത്ത് വകുപ്പിന്റേത്. ഇതിൽ ചെറിയ കുഴിപോലും ഉണ്ടാകാതിരിക്കുക എന്നതാണ് ലക്ഷ്യം.

ദേശീയ പാതാ പരിപാലന പദ്ധതികളെക്കുറിച്ച് ദേശീയ പാതാ അതോറി​റ്റിയുമായി ചർച്ച നടത്തുമെന്നും എച്ച്. സലാമിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.