
തിരുവനന്തപുരം:കെ.എസ്.ഇ.ബിക്ക് 1417കോടിയുടെ ലാഭമുണ്ടാക്കി മികച്ച പ്രവർത്തനം കാഴ്ച വച്ച ചെയർമാൻ ഡോ.ബി.അശോകിനെ നീക്കി ഭരണാനുകൂല സംഘടനയ്ക്ക് അനഭിമതനായെന്ന കാരണത്താൽ ചെയർമാനെ മാറ്റിയത് പൊതുമേഖലാ സ്ഥാപനങ്ങളിലെ രാഷ്‌ട്രീയ അതിപ്രസരത്തിന് സർക്കാർ കുട പിടിക്കുന്നതായി..മുൻ ആരോഗ്യ, ജലവിഭവ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.രാജൻ ഖോബ്രഗഡെയാണ് പുതിയ ചെയർമാൻ.
കഴിഞ്ഞ പത്തു വർഷത്തിനിടെ ആദ്യമായാണ് ബോർഡ് ലാഭത്തിലാവുന്നത്. ഇത് നല്ല ലക്ഷണമാണെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ചെയർമാൻ പ്രേമൻ ദിനരാജ് താരിഫ് വർദ്ധന സംബന്ധിച്ച പ്രഖ്യാപനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.അസാധാരണമായ മാനേജ്മെന്റ് പ്രാഗൽഭ്യത്തോടെ, കെ.എസ്.ഇ.ബിയെ കമ്പനിയാക്കി മാറ്റാനുള്ള നടപടികൾ ജീവനക്കാരുടെയും ഇടതു മുന്നണിയുടെയും സർക്കാരിന്റെയും അതൃപ്തിക്കിടയാക്കിയതാണ് ബി.അശോകിന്റെ കസേര തെറിപ്പിച്ചത്. സർക്കാർ സ്ഥാപനമെന്ന നിലയിൽ നിന്ന് മാറി കമ്പനികളുടെ മാതൃകയിൽ കോർപറേറ്റ് അച്ചടക്ക വ്യവസ്ഥകൾ അടിച്ചേൽപിക്കാൻ ശ്രമിച്ചതും വിനയായി.ചെയർമാനായി ഇന്ന് ഒരു വർഷം പൂർത്തിയാക്കാനിരിക്കെ, കൃഷി വകുപ്പ് സെക്രട്ടറിയായാണ് ഡോ.ബി.അശോകിനെ മാറ്റിയത്.
അശോകിന്റെ വൈദഗ്ദ്ധ്യം
325 മെഗാവാട്ടിന്റെ സൗരോർജ്ജ പദ്ധതികൾ
38.5മെഗാവാട്ടിന്റെ ജലവൈദ്യുതി പദ്ധതികൾ
മൊത്തം 363.5 മെഗാവാട്ട് അധിക വൈദ്യുതി
നാല് 220 കെ.വി ഉൾപ്പെടെ 12സബ് സ്റ്റേഷനുകൾ
800 മെഗാവാട്ടിന്റെ ഇടുക്കി രണ്ടാം ഘട്ടത്തിന് കേന്ദ്രപാരിസ്ഥിതിക അനുമതി.
സർക്കാർ സ്ഥാപനങ്ങളിൽ നിന്നുൾപ്പെടെ കുടിശിക പിരിച്ചെടുത്തു
പ്രളയ സാദ്ധ്യത നേരിടാൻ ഡിജിറ്റൽ സംവിധാനം
വിനയായ പരിഷ്‌കാരങ്ങൾ
സ്ഥാപനത്തിൽ യൂണിഫോം ഏർപ്പെടുത്തി
സുരക്ഷ എസ്.ഐ.എസ്.എഫിനെ ഏൽപിച്ചു
ബ്രാൻഡ് പ്രൊമോഷൻ നടപടികൾ
ലീവ് അപേക്ഷിച്ച് ചുമതല കൈമാറാത്ത എക്സിക്യൂട്ടീവ് എൻജിനീയർക്ക് സസ്പെൻഷൻ
പ്രതിഷേധിച്ച ഇടത് ഓഫീസേഴ്സ് അസോ. നേതാക്കൾക്ക് കൂട്ട സ്ഥലംമാറ്റവും സസ്പെൻഷനും
മുൻ വൈദ്യുതി മന്ത്രി എം.എം.മണിയുടെ പേഴ്സണൽ സ്റ്റാഫിലുണ്ടായിരുന്ന ഓഫീസേഴ്സ് അസോ. നേതാവ് ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തതിന് 6.45ലക്ഷം രൂപ പിഴ ചുമത്തി
'കെ.എസ്.ഇ.ബിക്ക് പ്രവർത്തന ലാഭം നേടിക്കൊടുത്ത മികച്ച ഭരണാധികാരിയായിരുന്നു ഡോ.ബി. അശോക്. അദ്ദേഹത്തെ മാറ്റിയത് സർക്കാരിന്റെ സ്വാഭാവിക നടപടിക്രമം മാത്രമാണ്".
- വൈദ്യുതി മന്ത്രി
കെ.കൃഷ്ണൻകുട്ടി.