
തിരുവനന്തപുരം: യു.എ.ഇയിൽ നിന്നെത്തിയ കൊല്ലം വാടി ജോനകപ്പുറം സ്വദേശിയായ 35കാരന് മങ്കിപോക്‌സ് സ്ഥിരീകരിച്ചു. രാജ്യത്തെ ആദ്യ കേസാണിത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ സാംക്രമികരോഗ വിഭാഗത്തിൽ ചികിത്സയിലുള്ള യുവാവിന്റെ നില തൃപ്തികരമാണെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.
ചൊവ്വാഴ്ചയാണ് യുവാവ് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. ടാക്സിയിൽ കൊല്ലത്തെത്തിയ ഇയാൾ ശരീരത്തിൽ ചിക്കൻ പോക്സിന് സമാനമായ കുമിളകൾക്ക് പുറമേ വായിലും പൊക്കലുകൾ കണ്ടതോടെ വീട്ടിൽ കയറാതെ മാതാപിതാക്കളെ വിളിച്ച് ഓട്ടോറിക്ഷയിൽ സ്വകാര്യ ആശുപത്രിയിലേക്ക് പോയി. പനിയും കടുത്ത തലവേദനയും ശരീരവേദനയും ഉണ്ടായിരുന്നു. യു.എ.ഇയിൽ ഒപ്പം താമസിച്ചയാൾക്ക് മങ്കിപോക്‌സ് സ്ഥിരീകരിച്ചതിനാൽ തനിക്കും അതാകുമെന്ന സംശയം ഡോക്‌ടറോട് പ്രകടിപ്പിച്ചു. ഇതോടെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് അയച്ചു. അവിടെ നിന്ന് രാത്രി പതിനൊന്നോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മങ്കിപോക്‌സുമായുള്ള സാമ്യം തിരിച്ചറിഞ്ഞ് രക്തസാമ്പിൾ വിമാനത്തിൽ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലയച്ചു. ഇന്നലെ വൈകിട്ട് ലഭിച്ച ഫലത്തിലാണ് രോഗം സ്ഥിരീകരിച്ചത്.
സമ്പർക്ക പട്ടികയിൽ അച്ഛനും അമ്മയും
മാതാപിതാക്കൾ, ടാക്സി - ഓട്ടോ ഡ്രൈവർമാർ, വിമാനത്തിലെ 11പേർ, സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ, നഴ്സുമാർ തുടങ്ങി സമ്പർക്കപ്പട്ടിയിൽ വന്നവരോട് വീടുകളിൽ നിരീക്ഷണത്തിലാവാൻ നിർദ്ദേശിച്ചു.
മങ്കിപോക്സ് വൈറസ് രോഗം
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറസ് രോഗം. തീവ്രത കുറവാണ്. വസൂരിയുടെ ലക്ഷണങ്ങളുമായി സാമ്യം. മദ്ധ്യ, പടിഞ്ഞാറൻ ആഫ്രിക്കയിലാണ് രോഗം കാണപ്പെടുന്നത്. 1958ലാണ് കുരങ്ങിൽ രോഗം സ്ഥിരീകരിച്ചത്. 1970ൽ കോംഗോയിൽ 9 വയസുള്ള ആൺകുട്ടിയിലാണ് മനുഷ്യരിൽ ആദ്യമായി കണ്ടത്.
പകരുന്നത്
രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങൾ എന്നിവ വഴി മനുഷ്യരിലേക്ക് പകരാം. അണ്ണാൻ, എലി, കുരങ്ങ് തുടങ്ങി നിരവധി മൃഗങ്ങളിൽ രോഗം കണ്ടെത്തിയിട്ടുണ്ട്. രോഗിയുടെ ശ്വാസകോശ സ്രവത്തിലൂടെയാണ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നത്. ക്ഷതങ്ങൾ, ശരീര സ്രവങ്ങൾ, ശ്വസന തുള്ളികൾ, കിടക്ക എന്നിവയുമായുള്ള സമ്പർക്കം, രോഗിയുമായുള്ള ലൈംഗിക ബന്ധം എന്നിവയിലൂടെ പകരും.
ലക്ഷണങ്ങൾ
പനി, കടുത്ത തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊർജക്കുറവ്. പനി വന്ന് 13 ദിവസത്തിനകം മുഖം, കൈകാലുകൾ, കൈപ്പത്തി, ജനനേന്ദ്രിയം, കണ്ണ് എന്നീ ഭാഗങ്ങളിൽ കുമിളകൾ. 2 മുതൽ 4 ആഴ്ച വരെ ലക്ഷണങ്ങൾ. ഇൻകുബേഷൻ കാലം 6 മുതൽ 13 ദിവസം. 5 മുതൽ 21 ദിവസം വരെയുമാകാം. മരണ നിരക്ക് കുറവ്..
ഗുരുതരമാകുന്നത്
കുട്ടികളിലാണ് രോഗം ഗുരുതരമാകുന്നത്. മാരകമായ അണുബാധ, ബ്രോങ്കോന്യൂമോണിയ,മസ്‌തിഷ്ക ജ്വരം, കോർണിയയിലെ അണുബാധ മൂലമുള്ള അന്ധത എന്നിവ സംഭവിക്കാം.
ചികിത്സ
വൈറൽ രോഗമായതിനാൽ പ്രത്യേക ചികിത്സ ഇല്ല. ലക്ഷണങ്ങൾ ലഘൂകരിക്കാനും, സങ്കീർണതയും ദീർഘകാല പ്രത്യാഘാതങ്ങളും തടയാനും ചികിത്സ തേടണം. വാക്സിനേഷൻ ഉണ്ട്
മറ്റാർക്കും രോഗം വരാതെ നോക്കുകയാണ്. അതിനുള്ള തയ്യാറെടുപ്പ് ആരോഗ്യവകുപ്പ് നടത്തി. ഭയപ്പെടേണ്ട സാഹചര്യമില്ല.
- വീണാ ജോർജ്,
ആരോഗ്യമന്ത്രി
വിദഗ്ദ്ധ സംഘം ഇന്ന് കേരളത്തിൽ
പ്രതിരോധ നടപടികളിൽ സംസ്ഥാന സർക്കാരിനെ സഹായിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിയോഗിച്ച വിദഗ്ദ്ധ സംഘം ഇന്നെത്തും.
കേന്ദ്ര ആരോഗ്യമന്ത്രാലയം ഉപദേശകനും മലയാളിയുമായ ഡോ. പി. രവീന്ദ്രൻ, എൻ.സി.ഡി.സി ഡയറക്ടർ ഡോ. സങ്കേത് കുൽക്കർണി, ഡൽഹി രാംമനോഹർ ലോഹ്യ ആശുപത്രി മൈക്രോബയോളജി വകുപ്പ് അസോസിയേറ്റ് പ്രൊഫസർ ഡോ. അരവിന്ദ് കുമാർ അച്ര, രാംമനോഹർ ലോഹ്യ ആശുപത്രിയിലെ ഡെർമറ്റോളജിസ്റ്റ് ഡോ. അഖിലേഷ് തോലെ എന്നിവരാണ് സംഘത്തിലുള്ളത്.
എല്ലാ ദിവസവും വൈകിട്ട് അഞ്ചുമണിക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയത്തെ സംഘം വിശദാംശങ്ങൾ അറിയിക്കണം. റിപ്പോർട്ടിന്റെ പകർപ്പ് സംസ്ഥാന സർക്കാരിനു നൽകണമെന്നും ആരോഗ്യ ജോയിന്റ് സെക്രട്ടറി ലവ് അഗർവാളിന്റെ ഉത്തരവിൽ പറയുന്നു.