
പലിശയ്ക്ക് പണം നൽകുന്നവർ വായ്പാ തിരിച്ചടവ് മുടക്കിയവരെ ഭീഷണിപ്പെടുത്താൻ പുതിയ മാർഗങ്ങളാണ് ഇപ്പോൾ അവലംബിക്കുന്നത്. അതാകട്ടെ ഇവിടത്തെ നിയമ വ്യവസ്ഥയെയും പൊലീസ് സംവിധാനത്തെയും കൊഞ്ഞനം കാട്ടുന്ന രീതിയിലാണ്. വായ്പാ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ പലിശയ്ക്ക് പണം നൽകിയ സ്ഥാപനം തിരുവനന്തപുരം അണ്ടൂർക്കോണം സ്വദേശിയുടെ വീടിന്റെ ചുവരിൽ സ്പ്രേ പെയിന്റ് കൊണ്ട് ഈ വീടും സ്ഥലവും തങ്ങളുടെ കൈവശമാണെന്നാണ് ഇംഗ്ളീഷിൽ എഴുതിവച്ചു. സ്ഥാപനത്തിന്റെ പേരും വലിയ അക്ഷരത്തിൽ ചുവടെ ചേർത്തിട്ടുണ്ട്. കൊല്ലം ജില്ലയിലെ ചവറയിലും വീടുകളുടെ ചുവരിൽ നിങ്ങൾക്ക് ആത്മഹത്യ ചെയ്തുകൂടെ എന്നുപോലും എഴുതിവച്ചിരുന്നതായി വാർത്തകൾ വന്നിരുന്നു.
മൂന്ന് മാസത്തെ തവണ മുടങ്ങിയതിനാണ് സ്വകാര്യ ധനസ്ഥാപനമായ ചോളമണ്ഡലം ഫിനാൻസ് ലിമിറ്റഡ് അണ്ടൂർക്കോണത്തെ വസതിയിൽ വീട്ടുകാരെ നാണംകെടുത്തുന്ന ചുവരെഴുത്ത് നടത്തിയത്. ലോൺ ഈടാക്കാൻ നിയമപരമായ മറ്റ് മാർഗങ്ങൾ ഉള്ളപ്പോഴാണ് ഈ ഭീഷണി. 20 വർഷത്തെ ഇ.എം.ഐ വ്യവസ്ഥയിൽ 2020 ജൂലായിലാണ് 27 ലക്ഷം രൂപ പലിശയ്ക്കെടുത്തത്. 33, 670 രൂപയാണ് മാസ അടവ്. ഫെബ്രുവരി മുതൽ ഏപ്രിൽ വരെയുള്ള തിരിച്ചടവാണ് മുടങ്ങിയത്. മുടങ്ങിയ തുക ഉടൻ തിരിച്ചടയ്ക്കാമെന്ന് പറഞ്ഞെങ്കിലും അതു വകവയ്ക്കാതെയാണ് ഈ ചുവരെഴുത്ത്.
വായ്പയ്ക്ക് ബാങ്കുകളും മറ്റും കടുത്ത വ്യവസ്ഥകൾ മുന്നോട്ട് വയ്ക്കുമ്പോൾ അതൊന്നും ഇല്ലാതെ വീടും സ്ഥലവും വിലയാധാരമായി എഴുതി വാങ്ങിയാണ് മിക്ക പലിശസ്ഥാപനങ്ങളും വായ്പ നൽകുന്നത്. കൊള്ള പലിശയാവും ഈടാക്കുന്നത്. തിരിച്ചടവ് മുടങ്ങിയാൽ ഗുണ്ടകളെ വിട്ട് ഭീഷണിപ്പെടുത്തി പല കുടുംബങ്ങളെയും കൂട്ട ആത്മഹത്യയിലേക്ക് തള്ളിവിട്ട സംഭവങ്ങൾ തുടരെ ഉണ്ടായപ്പോഴാണ് രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരിക്കെ അനധികൃത പലിശക്കാരെ നേരിടാൻ 'ഓപ്പറേഷൻ കുബേര" നടപ്പാക്കിയത്. തുടർന്ന് കുറെക്കാലത്തേക്ക് ഇവർ പത്തിതാഴ്ത്തിയിരുന്നു. എന്നാൽ ഇക്കൂട്ടർ പൂർവാധികം ശക്തിയോടെ വീണ്ടും തലപൊക്കിയതിന്റെ തെളിവാണ് പുതിയ ചുവരെഴുത്തുകൾ. പൊലീസ് ഇത് കണ്ടില്ലെന്ന് നടിച്ചാൽ പല കുടുംബങ്ങളുടെയും ആത്യന്തികമായ തകർച്ചയാവും ഫലം. നിയമ വ്യവസ്ഥകളെല്ലാം ലംഘിച്ചാണ് ഇവർ ഇടപാടുകളെല്ലാം നടത്തുന്നത്. പൊലീസുമായും മറ്റുമുള്ള അവിശുദ്ധബന്ധങ്ങളുടെ പിൻബലവും ഇക്കൂട്ടർക്ക് ഉണ്ടായിരിക്കാൻ സാദ്ധ്യത കൂടുതലാണ്. വീണ്ടും തലപൊക്കുന്ന പലിശ മാഫിയയെ നിലയ്ക്ക് നിറുത്താൻ സർക്കാരിന്റെ ഭാഗത്തുനിന്നും അടിയന്തര നടപടികൾ ഉണ്ടാകണം.