നെടുമങ്ങാട്: നിയോജക മണ്ഡലത്തിൽ 2020 മുതൽ 2022 വരെ 86 ഫ്ലഡ് വർക്കുകൾ ഗവൺമെന്റിൽ നിന്നും അനുമതി കിട്ടിയിട്ടുണ്ടെന്നും മുടങ്ങിക്കിടന്ന വർക്കുകളിൽ 80 ശതമാനവും പൂർത്തിയായതായി മന്ത്രി അഡ്വ. ജി.ആർ. അനിൽ അറിയിച്ചു. പോത്തൻകോട് പഞ്ചായത്തിലെ മഞ്ഞമല കണ്ടുകുഴി റോഡ്,​ പാച്ചിറ- തളിയിൽക്കുളം റോഡ്,​ അണ്ടൂർക്കോണം പഞ്ചായത്തിലെ തിപ്പലിക്കോണം മൂലയിൽവിളാകം റോഡ് എന്നിവയുടെ നിർമ്മാണം അഞ്ച്ദിവസത്തേക്കെങ്കിലും മഴമാറിയാൻ പൂർത്തിയാക്കാൻകഴിയും. 2020 – 2021 വർഷത്തെ പദ്ധതിയായ നെടുമങ്ങാട് മുനിസിപ്പാലിറ്റിയിൽ 20 ലക്ഷംരൂപ ചെലവാക്കി നിർമ്മിക്കുന്ന കോലാംകുടി ഡയമൺ പാലം മഴയിൽ വെള്ളക്കെട്ടുകാരണം പണി തുടങ്ങാൻ കഴിഞ്ഞിട്ടില്ല.

സർക്കാർ ഉത്തരവിറങ്ങിയ ശേഷം ബന്ധപ്പെട്ട വർക്കുകൾ എസ്റ്റിമേറ്റ് എടുക്കാൻ എ.ഇ-മാർ സ്ഥലം സന്ദർശിക്കുമ്പോൾ ഫ്ലഡ് വർക്കുകളിൽ ഉൾപ്പെടുത്തി ചെയ്യാൻ കഴിയാതെ വരും. ഈ കാരണം മൂലവും വർക്കുകൾ തുടങ്ങാൻ കാലതാമസം നേരിടുന്നുണ്ട്. ഇത് ഒഴിവാക്കാൻ വർക്കുകളുടെ ലിസ്റ്റ് റവന്യു വകുപ്പിന് നല്‍കുന്ന സമയത്ത് തന്നെ എസ്റ്റിമേറ്റ് കൂടി നൽകാൻ തീരുമാനിച്ചു. റിഫൈനറിയിൽ നിന്നുള്ള ഡയറക്ട്റേറ്റിനാണ് ഇപ്പോൾ ടാർ റേറ്റ് ഫിക്സ് ചെയ്തിരിക്കുന്നത്. ഇതൊഴിവാക്കാൻ വിശദമായ റിപ്പോർട്ട് കളക്ടർക്ക് നൽകാൻ ബി.ഡി.ഒമാരെ ചുമതലപ്പെടുത്തി. ഫ്ലഡ് വർക്കുകൾ സമയബന്ധിതമായി പൂർത്തിയാക്കിയാൽ മണ്ഡലത്തിലെ റോഡുകളുടെ പ്രശ്നങ്ങൾ ഒരു പരിധിവരെ പരിഹരിക്കാൻ കഴിയുമെന്നും റദ്ദ് ചെയ്ത വർക്കുകൾക്കുപകരം വർക്കുകൾ തയാറാക്കി കളക്ടർക്ക് നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

നാലുവരിപ്പാതയാക്കുന്നതിന് നിയമപ്രകാരം സ്ഥലമേറ്റെടുക്കുന്ന നടപടികളുമായി മുന്നോട്ട് പോകുന്നതിന് കഴിഞ്ഞ 20ന് സർക്കാർ അംഗീകാരം നൽകി. 3 റീച്ചാക്കാൻ ഗവൺമെന്റിലേക്ക് റിപ്പോർട്ട് നൽകാൻ കളക്ടർക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്.