കല്ലമ്പലം: ചെമ്മരുതി പഞ്ചായത്തിലെ ഏഴാം വർഡിൽ പൊതുനിരത്തിൽ മാലിന്യം നിക്ഷേപിക്കുന്നത് പതിവാകുന്നു. സംഭവം നാട്ടുകാർ പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടായില്ല. കഴിഞ്ഞ മാസം 18ന് ഒരു കാറിൽ 2 സ്ത്രീകൾ ഒരു ചാക്ക് നിറയെ മാലിന്യം പൊതുനിരത്തിൽ വലിച്ചെറിഞ്ഞു. ഇതും നാട്ടുകാർ യഥാസമയം ശ്രദ്ധയിൽപ്പെടുത്തിയിട്ടും അധികൃതർ ആവശ്യമായ നടപടി സ്വീകരിച്ചില്ല. പഞ്ചായത്ത് രാജ് ആക്ട് പ്രകാരം നിയമനടപടികൾ സ്വീകരിക്കുന്നതിനു പകരം പ്രതിയെ വിളിച്ചുവരുത്തി മാപ്പ് എഴുതി വാങ്ങുകയാണ് ചെയ്തത്. മാലിന്യ നിക്ഷേപത്തിനെതിരെ പഞ്ചായത്ത് അധികൃതർ ശക്തമായ നടപടികൾ സ്വീകരിക്കാത്തതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്.