mt

മലയാളസംസ്‌കൃതിയുടെ മഹാസമ്പത്താണ് എം.ടി. എന്ന രണ്ടക്ഷരത്തിൽ അറിയപ്പെടുന്ന എം.ടി. വാസുദേവൻ നായർ. ഏവർക്കും ആദ്യം ഓർമ്മവരുന്നത് അദ്ദേഹത്തിന്റെ രചനാശൈലിയുടെ അഴകും ആഴവും തന്നെയാണ്. നാടകം, സിനിമ, ചെറുകഥ, നോവൽ, ഉപന്യാസം, പ്രസംഗം, പത്രാധിപത്യം എന്നിങ്ങനെ അനവധിമേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ചട്ടുള്ള എം.ടി.മലയാളിയുടെ വലിയൊരനുഗ്രഹം തന്നെയാണ്. സർഗ്ഗധനനായ ഒരെഴുത്തുകാരൻ മാത്രമല്ല എം.ടി. എഴുത്തുകാരന്റെ നിലയും വിലയുമെല്ലാം ചൊല്ലിലും ചെയ്യലിലുംആവോളം ഉയർത്തിപ്പുലർത്തിയ കലാകാരൻ കൂടിയാണദ്ദേഹം.
ആഴവും പരപ്പുമുള്ള വായനയും അസാമാന്യമായ ഓർമ്മശക്തിയും എം.ടിയ്‌ക്കെന്നും ഉൾ ബലം പകർന്നിട്ടുണ്ട്.
മലയാളഭാഷയ്ക്കും മലയാളിജീവിതത്തിനും എം.ടി നൽകിയിട്ടുള്ള സംഭാവനകൾ അളവറ്റതാണ്. തലമുറകൾതന്നെ ആ പ്രതിഭയ്ക്ക് കടപ്പെട്ടിരിക്കുന്നു.
നവതിയിലെത്തുന്ന ഈ മേധാശക്തിക്ക് പൂർണ്ണ സംതൃപ്തിയോടെതന്നെ തന്റെ സാഹിത്യ
ജീവിതത്തെ നോക്കിക്കാണാനാവുമെന്നതും അനുഗ്രഹം തന്നെ. മലയാളത്തിന്റെയും മലയാളിസമൂഹത്തിന്റെയും നന്ദിയും സ്‌നേഹവും അറിയിക്കുന്നു.