
പാറശാല: സുഗമമായ ഗതാഗത സൗകര്യങ്ങൾ ലക്ഷ്യമിട്ട് ആധുനിക സൗകര്യങ്ങളൊരുക്കി നിർമ്മാണം പൂർത്തിയാക്കിവരുന്ന കാരോട് - കഴക്കൂട്ടം ബൈപ്പാസ് റോഡ് ലഹരി മാഫിയാ സംഘങ്ങളുടെ താവളമാകുന്നു. ഒപ്പം അതീവ അപകടകരമായ ബൈക്ക് റേസിംഗിനും വേദിയാവുകയാണ് ഇവിടം. ലഹരി ഉപയോഗത്തെ തുടർന്ന് നടക്കുന്ന യുവാക്കളുടെ ബൈക്ക് റേസിംഗുകളും കാർ റേസിംഗുകളും അപകട മരണങ്ങൾക്ക് വരെ കാരണമായിട്ടുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ചുവരുന്നതിനാൽ റോഡിൽ കർശനമായ സംരക്ഷണവും നിയന്ത്രണവുമില്ല. അതുകൊണ്ടുതന്നെ താത്കാലികമായി പൂർത്തിയായിട്ടുള്ള റോഡിലെ പ്രവർത്തനങ്ങളിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ട ഉദ്യോഗസ്ഥർ വേണ്ടത്ര ശ്രദ്ധ കേന്ദ്രീകരിക്കാറില്ലെന്നും പരാതിയുണ്ട്. ലഹരി വിപണനക്കാരും ഉപഭോക്താക്കളും രാത്രി കാലങ്ങളിൽ തുടരുന്ന അസഭ്യവർഷങ്ങളും മറ്റും സമീപ വാസികൾക്ക് ഭീഷണിയായിട്ടുണ്ടെങ്കിലും ഇത് ചോദ്യം ചെയ്യാൻ എത്തുന്നത് ഭീഷണിക്ക് കാരണമാവുന്നതിനാൽ ആരും തന്നെ എതിർക്കാറില്ല. എന്നാൽ നാട്ടുകാരുടെ പരാതികളെ തുടർന്ന് പലപ്പോഴും പൊലീസ് എത്തുമ്പോൾ ഇക്കൂട്ടർ സ്ഥലംവിടും.
ബൈക്ക് റേസിംഗും
റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകാത്തതിനാൽ ഇതുവഴി പോകുന്നത് പ്രദേശവാസികളുടെ വാഹനങ്ങൾ മാത്രമാണ്. വലിയ തിരക്കില്ലാത്തതിനാൽ ബൈക്ക് റേസിംഗിന് ഇവിടം ഉചിതമാണ്. അപകടങ്ങളും അപകടമരണങ്ങളും ഉണ്ടായിട്ടും ബൈക്ക് റേസിംഗിന് ഇക്കൂട്ടർ പിന്നോട്ടല്ല.
വെട്ടവുമില്ല
വൈദ്യുതി ലൈനുകൾ സ്ഥാപിക്കാത്തതുകൊണ്ട് സന്ധ്യ കഴിഞ്ഞാൽ ബൈപാസ് റോഡിന്റെ മേഖലകൾ ലഹരി മാഫിയാ സംഘങ്ങളുടെ നിയന്ത്രണത്തിലാവുന്നതാണ്. ലഹരി വസ്തുക്കളുടെ വിപണനത്തിന് പുറമെ വിവിധ മേഖലകളിലേക്കുള്ള ലഹരി കടത്തുകൾ നിയന്ത്രിക്കുന്നതിനും ബൈപ്പാസുകൾ വേദിയാവുന്നു. കാരോട് പഞ്ചായത്തിലെ മഞ്ചാംകുഴി മുതൽ ചെങ്കൽ പഞ്ചായത്തിലെ നെയ്യാറിന് കുറുകെയുള്ള പാഞ്ചിക്കടവ് പാലം വരെ ഭാഗികമായി പൂർത്തിയായിട്ടുള്ള മേഖലകളിലാണ് ലഹരി മാഫിയാ സംഘങ്ങളുടെ താവളം.