uparadam

വക്കം: വക്കത്തെ കുടിവെള്ള വിതരണം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് വാട്ടർ അതോറിട്ടി അധികൃതരെ ഉപരോധിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് താജുന്നിസ, വൈസ് പ്രസിഡന്റ്‌ എൻ. ബിഷ്‌ണു, മെമ്പർമാരായ അശോകൻ, ഫൈസൽ എന്നിവരാണ് ആറ്റിങ്ങലിൽ വാട്ടർ അതോറിട്ടി എക്സിക്യുട്ടീവ് എൻജിനിയറെ ഉപരോധിച്ചത്. മൂന്ന് വശവും കായലാൽ ചുറ്റപ്പെട്ട വക്കത്ത് ഗാർഹികാവശ്യങ്ങൾക്ക് ജനം ആശ്രയിക്കുന്നത് പൈപ്പ് വെള്ളത്തെയാണ്. എന്നാൽ നിരവധി നാളുകളായി ഇവിടെ വാട്ടർ അതോറിട്ടിയുടെ ടാപ്പുകളിൽ വെള്ളം ലഭിക്കാറില്ലെന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാരും ഗ്രാമപഞ്ചായത്തും നിരവധി തവണ അധികൃതർക്ക് പരാതികൾ നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. ഇതോടെയാണ് ഉപരോധത്തിലേക്ക് നീങ്ങിയത്. വക്കം ഗ്രാമപഞ്ചായത്തിന്റെ എല്ലാ പ്രദേശങ്ങളിലേക്കും വെള്ളം എത്തിക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്ന് എക്സിക്യുട്ടീവ് എൻജിനിയർ ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഉപരോധം അവസാനിപ്പിച്ചത്.