
തിരുവനന്തപുരം: അട്ടപ്പാടിയിലെ ശിശുമരണത്തെച്ചൊല്ലി നിയമസഭയിൽ ഭരണ, പ്രതിപക്ഷ അംഗങ്ങൾ കൊമ്പുകോർത്തു. വിഷയത്തിൽ എം.ഷംസുദ്ദീന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയവേ, 'ആരോപണം ഉന്നയിച്ചാൽ പോരാ, എം.എൽ.എ അവിടെ പോകണം' എന്ന മന്ത്രി വീണാജോർജിന്റെ പരാമർശമാണ് ബഹളത്തിന് ഇടയാക്കിയത്. പ്രതിപക്ഷാംഗങ്ങൾ മുദ്രാവാക്യം വിളിച്ച് നടുത്തളത്തിലിറങ്ങി. ഭരണകക്ഷി അംഗങ്ങളും എഴുന്നേറ്റതോടെ ബഹളമായി. തുടർന്ന് സ്പീക്കർ 20 മിനിറ്റ് സഭ നിറുത്തിവച്ചു. സ്പീക്കർ പോയശേഷവും പോർവിളിയും വാഗ്വാദവും തുടർന്നു. 10.50ന് നിറുത്തിയ സഭ 11.10ന് വീണ്ടും ചേർന്നു.
അട്ടപ്പാടി മുരുഗള ഊരിലെ നാലുമാസമായ കുഞ്ഞ് മരിച്ചതാണ് ഷംസുദ്ദീൻ അടിയന്തരപ്രമേയ നോട്ടീസിന് വിഷയമാക്കിയത്. കുഞ്ഞിന്റെ മൃതദേഹവുമായി മഴയത്ത് പിതാവ് കിലോമീറ്ററുകളോളം നടന്ന സംഭവം കേരളത്തെ ഞെട്ടിച്ചു. ഉത്തരേന്ത്യയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ ഇത് നടന്നത് ഇടതുമുന്നണി ഭരിക്കുന്ന കേരളത്തിലാണ്. സർക്കാരിന്റെ തികഞ്ഞ അനാസ്ഥയാണിതിനു കാരണമെന്നും കുറ്റപ്പെടുത്തി.
എന്നാൽ മുരുഗള ഊരിനു നാലു കിലോമീറ്റർ അകലെവരെയാണ് വാഹനഗതാഗത സൗകര്യങ്ങളുള്ളതെന്നും അവിടെവരെ ശിശുവിന്റെ മൃതദേഹം ആംബുലൻസിലാണ് എത്തിച്ചതെന്നും മന്ത്റി കെ.രാധാകൃഷ്ണൻ മറുപടി നൽകി. രാത്രിയിൽ അമ്മയോടൊപ്പം കിടന്ന കുഞ്ഞ് മരിച്ചത് രാവിലെയാണ് അറിയുന്നത്. മരണകാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ടിലേ വ്യക്തമാകൂ.
അട്ടപ്പാടി സമഗ്രആരോഗ്യ പദ്ധതിക്ക് വേണ്ടി അനുവദിച്ച 12കോടി പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിക്കാണ് നൽകിയതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. കോട്ടത്തറ ആശുപത്രിക്ക് നൽകേണ്ട പണം ഇ.എം.എസ് ആശുപത്രിക്ക് നൽകിയിട്ടില്ലെന്ന് മന്ത്രി വീണാജോർജ് പറഞ്ഞു. തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
ഷംസുദ്ദീന്റെ ആരോപണം
കഴിഞ്ഞ ഒരുമാസത്തിനിടെ അട്ടപ്പാടിയിൽ മരിച്ചത് നാലു ശിശുക്കൾ
കോട്ടത്തറ ആശുപത്രിയിലെ പരിചയ സമ്പന്നനായ ഡോ.പ്രഭുദാസിനെ മാറ്റി
ആശുപത്രി കാന്റീൻ ഒരാഴ്ചയായി പ്രവർത്തിക്കുന്നില്ല
ആശുപത്രിയിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു
മന്ത്രി രാധാകൃഷ്ണന്റെ മറുപടി
അട്ടപ്പാടിയിൽ വിവിധ വകുപ്പുകൾ ഏകോപിപ്പിച്ചുള്ള പ്രവർത്തനം
ഗർഭിണികൾക്ക് പോഷകാഹാരം നല്കുന്നുണ്ട്
ഊരുകളിൽ ഗതാഗത സൗകര്യമൊരുക്കാൻ പാക്കേജ് തയ്യാറാക്കും
വിദൂര ഊരുകളിലെ ആദിവാസികളെ പുനരധിവസിപ്പിക്കും