തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ പുതിയ കെട്ടിട നിർമ്മാണത്തിനുള്ള ശുപാർശ ജയിൽ ഡി.ജി.പിക്ക് കൈമാറി. സർക്കാർ അനുമതി കിട്ടിയാലുടൻ നിർമ്മാണം ആരംഭിക്കും. ജയിലിലെ വലിയ സുരക്ഷാ മതിലിന് പുറത്തുള്ള നിലവിലെ ഓഫീസ് ബ്ലോക്കിന് സമീപത്തായി പുതിയ കെട്ടിടം നിർമ്മിക്കാനാണ് ശുപാർശ. നിലവിലെ ഓഫീസ് ബ്ലോക്കിന് മുന്നിലായി പുതിയ കെട്ടിടം വരുന്നതോടെ ജയിലിന്റെ പ്രധാന പ്രവേശനകവാടം ഈ കെട്ടിടത്തിനുള്ളിലാകും. ഇതോടെ മതിൽക്കെട്ടിന് പുറത്തുള്ള ഓഫീസ് ബ്ലോക്കിലേക്ക് തടവുകാരെ കൊണ്ടുവരുമ്പോഴുള്ള സുരക്ഷാഭീഷണി ഒഴിവാക്കാനാകും. കഴിഞ്ഞ ദിവസം ഇങ്ങനെ പുറത്തിറക്കിയ തടവുകാരൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. മരത്തിൽ കയറിയ ഇയാളെ ഏറെ പണിപ്പെട്ടാണ് പിടികൂടിയത്. മാനസികാസ്യാസ്ഥ്യം നേരിടുന്ന ഇയാളിപ്പോൾ മാനസികാരോഗ്യ കേന്ദ്രത്തിലാണ്. പൊലീസ് കൺസ്ട്രക്ഷൻ കോർപ്പറേഷന് നിർമ്മാണ ചുമതല നൽകും. 2000 സ്ക്വയർ ഫീറ്രിൽ നിർമ്മിക്കുന്ന കെട്ടിടത്തിന് ഒരു കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സൂപ്രണ്ടിന്റെ ഓഫീസ് അടക്കം പുതിയ കെട്ടിടത്തിലേക്ക് മാറും. ഇപ്പോഴത്തെ ഇരുനില ഓഫീസ് കെട്ടിടത്തിൽ ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്ക് കടന്നുചെല്ലുന്നതിന് പ്രയാസമുണ്ട്. പുരാവസ്തു പ്രാധാന്യമുള്ള കെട്ടിടമായതിനാൽ പൂജപ്പുര ജയിലിനകത്ത് വലിയ മാറ്റം വരുത്താൻ കഴിയില്ലെന്ന് അധികൃതർ പറയുന്നു. പൂജപ്പുര സെൻട്രൽ ജയിലിന്റെ പ്രധാന സുരക്ഷാ മതിലിനുള്ളിൽ 9 ഏക്കറിലാണ് തടവുകാരെ പാർപ്പിക്കുന്ന കെട്ടിടങ്ങളും അനുബന്ധ കെട്ടിടങ്ങളും സ്ഥിതി ചെയ്യുന്നത്. 36.36 ഏക്കറിലാണ് ജയിൽ.