മുടപുരം: കേരള സർക്കാർ പൊതുവിദ്യാഭ്യാസവകുപ്പും ആരോഗ്യ വകുപ്പും സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികൾക്കായി കണിയാപുരം ബി.ആർ.സി തല മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ഈമാസം 16ന് ആണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. രാവിലെ 9.30ന് വി. ശശി എം.എൽ.എ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ക്യാമ്പ് നടത്തിപ്പിനായി സംഘാടകസമിതി രൂപീകരിച്ചു. ആശുപത്രി കോൺഫറൻസ് ഹാളിൽ ചേർന്ന സംഘാടകസമിതി രൂപീകരണയോഗം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. ജയശ്രീ ഉദ്ഘാടനം ചെയ്തു. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. മുരളിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിറോസ് ലാൽ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ജോസഫിൻ മാർട്ടിൻ, ആശുപത്രി സൂപ്രണ്ട് ശബ്ന, എച്ച്.എം.സി അംഗം സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. എസ്. മധുസൂദനക്കുറുപ്പ് പദ്ധതി വിശദീകരിച്ചു. ബി.പി.സി ഉണ്ണിക്കൃഷ്ണൻ പാറക്കൽ സ്വാഗതവും സി.എസ്. ദിനേശ് നന്ദിയും പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. ജയശ്രീ ചെയർപേഴ്സണായും ബി.പി.സി ഉണ്ണികൃഷ്ണൻ പാറക്കൽ കൺവീനറായും 51 അംഗ സ്വാഗതസംഘം രൂപീകരിച്ചു.