
തിരുവനന്തപുരം: അട്ടപ്പാടിയിലെ ആദിവാസികൾക്കു വേണ്ടിയുള്ള കോട്ടത്തറ ആശുപത്രിയിൽ വൈദ്യുതി ബന്ധം വിച്ഛേദിച്ചെന്ന് പ്രതിപക്ഷം നിയമസഭയിൽ ആരോപിച്ചു. 35ലക്ഷം രൂപ കുടിശികയുണ്ടായതിനാൽ വൈദ്യുതി വിച്ഛേദിച്ചെന്ന് അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ച എൻ.ഷംസുദ്ദീൻ പറഞ്ഞു. ആശുപത്രിയിലെ കാന്റീനും പൂട്ടി.
എന്നാൽ ഇക്കാര്യം തന്നെ അറിയിച്ചെങ്കിൽ ഒരു മണിക്കൂർകൊണ്ട് പരിഹാരമുണ്ടാക്കുമായിരുന്നെന്ന് മന്ത്രി കെ.രാധാകൃഷ്ണനും മറ്റുപല കാര്യങ്ങൾക്കും എം.എൽ.എ വിളിക്കാറുണ്ടെങ്കിലും ഇക്കാര്യം മാത്രം പറഞ്ഞില്ലെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിയും പറഞ്ഞു. അൽപ്പസമയത്തിനുശേഷം, ആശുപത്രിയിലെ വൈദ്യുതി വിച്ഛേദിച്ചിട്ടില്ലെന്ന് മന്ത്രി കൃഷ്ണൻകുട്ടി സഭയെ അറിയിച്ചു.
തുടർന്ന്, എം.എൽ.എ അവിടെ സന്ദർശിച്ച് കാര്യങ്ങൾ പഠിക്കണമെന്ന് മന്ത്രി വീണാജോർജ് പറഞ്ഞു. എം.എൽ.എയെ അധിക്ഷേപിച്ചാണ് ആരോഗ്യമന്ത്രി സംസാരിച്ചതെന്നും പ്രതിപക്ഷം ഉന്നയിച്ച വിഷയങ്ങൾക്ക് മറുപടി പറയാതെ മന്ത്രി ആക്ഷേപിക്കുകയാണെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശൻ കുറ്റപ്പെടുത്തി. അട്ടപ്പാടിയിൽ പോകാത്ത ആളായിട്ടാണോ മൂന്നാംവട്ടവും ഷംസുദ്ദീൻ അവിടെനിന്ന് ജയിച്ചുവന്നത്? ഓട് പൊളിച്ചല്ല അദ്ദേഹം സഭയിലെത്തിയത്. 99പേർ ഉണ്ടെന്നു കരുതി കാണിക്കുന്ന ഈ അഹങ്കാരം ജനങ്ങൾ കാണുന്നുണ്ട്. മറുപടിക്ക് പകരം പ്രകോപിപ്പിക്കാനാണ് ആരോഗ്യമന്ത്റി ശ്രമിച്ചതെന്നും സതീശൻ പറഞ്ഞു.