a

 നഗരസഭയിലെ പട്ടികജാതി ഓഫീസിൽ വീണ്ടും ക്രമക്കേട്

തിരുവനന്തപുരം: ഏറെ വിവാദമുണ്ടാക്കിയ നഗരസഭയിലെ പട്ടികജാതി ഓഫീസിൽ ക്രമക്കേട് തുടരുന്നു. വ്യാജ ജാതി സർട്ടിഫിക്കറ്റുണ്ടാക്കി കോർപ്പറേഷനിൽ പട്ടികജാതി വനിതകൾക്കുള്ള പദ്ധതിയിൽ തട്ടിപ്പ്,​ ആനുകൂല്യങ്ങൾക്ക് അപേക്ഷ സ്വീകരിക്കാതെ നൽകി തുടങ്ങിയവയാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പുറത്തുവന്ന തട്ടിപ്പിൽ കോർപ്പറേഷന്റെ പട്ടികജാതി വായ്പ സബ്സിഡി ലഭിച്ച 16 സംഘങ്ങൾ അപേക്ഷ പോലും നൽകിയിട്ടില്ലെന്ന് കണ്ടെത്തി.

അപേക്ഷകളിൽ പേരില്ലാത്തവർക്കും ആനുകൂല്യം നൽകിയിട്ടുണ്ട്. അപൂർണമായ ഫയലുകളും അവ്യക്തമായ രേഖകളുമാണ് എല്ലാ അപേക്ഷകൾക്കൊപ്പവുമുണ്ടായിരുന്നത്. അഞ്ചുപേരടങ്ങുന്ന 42 വനിതാ സംഘങ്ങൾക്കാണ് ആനുകൂല്യം നൽകിയത്. കഴിഞ്ഞ ദിവസം ഗുണഭോക്താക്കൾ അപേക്ഷയ്‌ക്കൊപ്പം സമർപ്പിച്ച ജാതി സർട്ടിഫിക്കറ്റുകൾ വ്യജമാണെന്ന് താലൂക്ക് ഓഫീസ് ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.

വിഴിഞ്ഞം മുതൽ കഴക്കൂട്ടം വരെയുള്ള എല്ലാ സ്വയംതൊഴിൽ സംഘങ്ങൾക്കും വായ്പാ സബ്സിഡി തുകയായി നഗരസഭ നൽകിയ 1.26 കോടി രൂപ നൽകിയത് പട്ടം സർവീസ് സഹകരണ ബാങ്കാണ്. എന്നാൽ വായ്പ അനുവദിച്ചുകൊണ്ടുള്ള കത്തിലും ഗ്രേഡിംഗും സർട്ടിഫിക്കറ്റിലും പക്ഷേ ബാങ്ക് അധികൃതർ തീയതികൾ രേഖപ്പെടുത്തിയിട്ടില്ല. ബാങ്കിന്റെ ആവശ്യപ്രകാരം നിർവഹണ ഉദ്യോഗസ്ഥൻ ബാങ്കിന്റെ രണ്ട് അക്കൗണ്ടുകളിലേക്കാണ് 1.26 കോടിയും അയച്ചുനൽകിയത്.

ബാങ്കിൽ നിന്ന് വായ്പാത്തുക ഗുണഭോക്താക്കൾ കൈപ്പറ്റിയിട്ടുണ്ടോയെന്നും ഇതുപയോഗിച്ച് സ്വയം തൊഴിൽ സംരംഭം തുടങ്ങിയിട്ടുണ്ടോ എന്നതും പരിശോധിച്ചിട്ടില്ല. സംഘങ്ങളുടെ പാസ്ബുക്കോ യൂണിറ്റുകൾ ആരംഭിച്ചതിന്റെ വിവരങ്ങളോ കോർപ്പറേഷനിൽ ലഭ്യമല്ല.

ഭൂരിഭാഗം അപേക്ഷകളിലും ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ്, വാർഡ് കമ്മിറ്റി മിനിട്സ്, സംഘാംഗങ്ങളുടെ ഗ്രൂപ്പ് ഫോട്ടോ, കൈപ്പറ്റ് രസീത് എന്നിവയില്ലെന്നും നിരവധി പേർ ജാതിസർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലെന്നും കണ്ടെത്തി. 26 സംഘങ്ങളുടെ അപേക്ഷകളിലാണ് ഗുരുതരമായ ക്രമക്കേടുകളുള്ളത്. അപേക്ഷയിലും സർട്ടിഫിക്കറ്റുകളിലും പേരുകളും ഇൻഷ്യലുമെല്ലാം വ്യത്യസ്ഥമാണ്. അപേക്ഷയിൽ പേര് വയ്ക്കാത്ത ഗുണഭോക്താക്കൾക്കും ഫണ്ട് അനുവദിച്ചിട്ടുണ്ട്.

ഗുണഭോക്തൃപട്ടികയിലെ സുജിത എന്ന് പേര് പദ്ധതി രേഖയിൽ സുജാതയാണ്. സീതയുടെ സമ്മതപത്രത്തിലെ പേര് ഗീത എന്നാണ്. ഇങ്ങനെ നിരവധി അവ്യക്തതകൾ കണ്ടെത്തിയിട്ടുണ്ട്. വീഴ്ചകൾ കാരണം പദ്ധതി നടപ്പായോ എന്ന് ഉറപ്പുവരുത്തണമെന്ന് ലോക്കൽ ഫണ്ട് ഓഡിറ്റ് കോർപ്പറേഷന് കത്തുനൽകിയിട്ടുണ്ട്. സർട്ടിഫിക്കറ്റുകുടെ ആധികാരികത, തുക കൈപ്പറ്റിയ സംഘങ്ങൾ സ്വയം തൊഴിൽ സംരംഭം ആരംഭിച്ചിട്ടുണ്ടോ, എന്നിവയടക്കം ഓഡിറ്റ് കണ്ടെത്തലുകൾ സർക്കാരിന്റെ അന്വേഷണ ഏജൻസികളെക്കൊണ്ട് വിശദമായി അന്വേഷിക്കണമെന്നാണ് ശുപാർശ.