minister-riyas

തിരുവനന്തപുരം: മത-വർഗ്ഗീയ ശക്തികൾ സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥയ്ക്കെതിരെ മതനിരപേക്ഷ യുവജന കൂട്ടായ്മ രൂപീകരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു. മതവർഗ്ഗീയതയ്ക്കെതിരെ യുവപ്രതിരോധം പ്രധാനമാണെന്നും ധനാഭ്യർത്ഥന ചർച്ചയ്ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. മതവർഗ്ഗീയതയും ഭൂരിപക്ഷ വർഗ്ഗീയതയും രാജ്യം ഭരിക്കുന്ന സർക്കാർ തന്നെ സ്പോൺസർ ചെയ്യുന്നതാണ്. ആ ഭൂരിപക്ഷ വർഗ്ഗീയത എല്ലാ സീമകളും ലംഘിച്ച് സംസ്ഥാനത്ത് കടന്നുവരുന്നു. ഇതുണ്ടാക്കുന്ന അരക്ഷിതാവസ്ഥ ഉപയോഗിച്ച് ന്യൂനപക്ഷ വിഭാഗങ്ങളെയും യുവാക്കളെയും വഴിമാറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതി​നെതി​രെ ശക്തമായ നിലപാട് സ്വീകരിക്കേണ്ടതുണ്ട്. അരക്ഷിതാവസ്ഥ ഉണ്ടെന്ന തോന്നൽ ഇല്ലാത്ത സംസ്ഥാനമായി കേരളം നിലനിൽക്കുന്നത് ഇവിടെ എൽ.ഡി.എഫ് സർക്കാർ ഭരിക്കുന്നതിനാലാണ്.

യുവജന നയത്തിന് രൂപം നൽകാനും സർക്കാർ ആലോചിക്കുന്നു. വ്യത്യസ്ത സംഘടനകളുമായും യൂത്ത് ക്ളബ്ബുകളുമായും താഴെത്തട്ടു മുതൽ ഇതേക്കുറിച്ച് ചർച്ചകൾ നടത്തും. പ്രളയം പോലുള്ള പ്രതിസന്ധികൾ നേരിടാൻ യൂത്ത് വോളന്റി​യർ ടീമിന് രൂപം നൽകും.യുവജനോത്സവങ്ങൾ യുവജനസംഗമവേദിയാക്കും. സമൂഹത്തെ ലഹരിമുക്തമാക്കുന്നത് യുവജനങ്ങളുടെ കടമയാക്കി മാറ്റുന്നതിനായി യുവജന പ്രതിരോധ സേന രൂപീകരിക്കുമെന്നും മന്ത്രി​ വ്യക്തമാക്കി.