
തിരുവനന്തപുരം: സ്‌കൂൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിന് സർക്കാർ നൽകുന്ന തുക വർദ്ധിപ്പിക്കുന്നത് പരിശോധിക്കുകയാണെന്ന് മന്ത്റി വി.ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. ആഴ്ചയിൽ രണ്ട് ദിവസം പാൽ, ഒരു ദിവസം മുട്ട /നേന്ത്റപ്പഴം എന്നിവ നൽകുന്നതിന് കുട്ടിയൊന്നിന് 20 രൂപ അനുവദിക്കുന്നതാണ് പരിഗണിക്കുന്നത്.
2016ൽ ചെലവ് പരിഷ്‌കരിച്ചത് മൂന്നു സ്ലാബുകളിലാണ്. 150 കുട്ടികൾവരെ കുട്ടിയൊന്നിന് എട്ടുരൂപയും 151 മുതൽ 500വരെ ഏഴുരൂപയും അഞ്ഞൂറിന് മുകളിൽ ആറുരൂപയുമാണ് നൽകുന്നത്. ഇത് പരിഷ്‌കരിച്ച് ആറു രൂപ, എട്ടു രൂപ നിരക്കിൽ (കേന്ദ്ര,സംസ്ഥാന വിഹിതം ഉൾപ്പെടെ) ആക്കുന്നതും പാൽ, മുട്ട/നേന്ത്റപ്പഴം എന്നിവ നൽകുന്നതിനുമടക്കം ആഴ്ചയിൽ 20 രൂപ അനുവദിക്കുന്നതാണ് പരിഗണനയിലുള്ളത്. പാലും മുട്ടയും നൽകുന്ന സപ്ലിമെന്ററി ന്യൂട്രീഷ്യൻ സംസ്ഥാന പദ്ധതിയാണ്.
നഴ്സറി തലത്തിൽ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിലുൾപ്പെട്ടിട്ടില്ലാത്ത സ്‌കൂൾകുട്ടികളെയും ഒൻപത്, പത്ത്, ഹയർസെക്കൻഡറി വിഭാഗങ്ങളിലെ കുട്ടികളെയും ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതും പരിശോധിക്കും. ഇതിന് പ്രതിവർഷം 400 കോടി രൂപ അധിക ചെലവ് വരുമെന്നും മന്ത്റി പറഞ്ഞു.