തിരുവനന്തപുരം: അന്താരാഷ്ട്ര യുവജന നൈപുണ്യ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 11.30ന് തിരുവനന്തപുരം പബ്ലിക് ലൈബ്രറി ഹാളിൽ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. യൂത്ത് ഇന്നവേഷൻ അവാർഡ് നടപ്പാക്കുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനവും അദ്ദേഹം നിർവഹിക്കും. അക്കൗണ്ടിംഗ് മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി കേരള അക്കാ‌ഡമി ഫോർ സ്‌കിൽസ് എക്സലൻസും ടാലി എഡ്യൂക്കേഷനുമായുള്ള ധാരണാപത്രം കൈമാറലും സർട്ടിഫിക്കറ്റ് പ്രകാശനവും മന്ത്രി നിർവഹിക്കും. ശേഷം കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിയായ സങ്കൽപ്പിന്റെ ഭാഗമായുള്ള നൈപുണ്യ പരിശീലനം നേടിയവർക്കുള്ള യൂത്ത് ഇന്നൊവേഷൻ അവാർഡ് പ്രഖ്യാപനം നടക്കും. മന്ത്രി ആന്റണി രാജു അദ്ധ്യക്ഷനാകും. തൊഴിൽ വകുപ്പ് സെക്രട്ടറി മിനി ആന്റണി മുഖ്യപ്രഭാഷണം നടത്തും. ഇന്ത്യ സ്‌കിൽസ് ദേശീയ മത്സരത്തിൽ നേട്ടം കൈവരിച്ച മത്സരാർത്ഥികൾക്ക് സ്‌കിൽ ഐക്കൺ,​ സ്‌കിൽ എക്സലൻസ് അവാർഡും ഇന്ത്യയെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര മത്സരങ്ങൾക്ക് യോഗ്യത നേടിയവർക്കുള്ള സ്‌കിൽ അംബാസഡർ കേരള അവാർഡുകളും മേയർ ആര്യാ രാജേന്ദ്രൻ വിതരണം ചെയ്യും. യൂത്ത് ഇന്നൊവേഷൻ അവാർഡ് ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാർ പ്രകാശനം ചെയ്യും.