
തിരുവനന്തപുരം: സർക്കാർ വകുപ്പുകളിലും ഓഫീസുകളിലും കരാർ പ്രവൃത്തികളിലുമുള്ള അഴിമതി കണ്ടെത്താൻ ഒളികാമറയുമായി വിജിലൻസ് എത്തുന്നു. ഒളികാമറ, രഹസ്യമായി വീഡിയോ, ഓഡിയോ റെക്കാഡ് ചെയ്യാവുന്ന അത്യാധുനിക സംവിധാനങ്ങൾ എന്നിവ ഉപയോഗിക്കാൻ വിജിലൻസ് മേധാവി മനോജ് എബ്രഹാം നിർദ്ദേശിച്ചു.
ശരീരത്തിലും വസ്ത്രത്തിലുമൊക്കെ ഘടിപ്പിക്കാവുന്ന ഇത്തരം ഉപകരണങ്ങൾ യൂണിറ്റുകളിൽ വാങ്ങാം. വേഷം മാറിയുള്ള രഹസ്യാന്വേഷണത്തിനും വിവര ശേഖരണത്തിനും മുൻഗണന നൽകണം. ആറു മാസത്തിനിടെ ഓരോ യൂണിറ്റിലും ഇത്തരത്തിൽ രണ്ട് ഓപ്പറേഷനെങ്കിലും നടത്തണം. അഴിമതി നടക്കുന്ന മേഖലകളിൽ ഇനി മുതൽ അടിക്കടി മിന്നൽ പരിശോധനകൾ നടത്തണം. വിവരങ്ങൾ രഹസ്യമായി ശേഖരിച്ച് വിജിലൻസ് ആസ്ഥാനത്തേക്ക് കൈമാറണം. കരാർ ജോലികളിലെ ക്രമക്കേടുകളും അന്വേഷിക്കണം. മിന്നൽ പരിശോധനകളുമുണ്ടാവും.
വിജിലൻസ് അന്വേഷണങ്ങളിൽ ബാഹ്യ ഇടപെടലുകൾ അനുവദിക്കരുത്. കേസിന്റെ മെരിറ്റ് അനുസരിച്ച് മുന്നോട്ടുപോകണം. വിജിലൻസിനോട് അഴിമതിക്കാരായ ഉദ്യോഗസ്ഥർക്ക് പേടിയുള്ള അന്തരീക്ഷമുണ്ടാക്കണം. സ്കൂൾ, കോളേജ് തലത്തിലും ജനങ്ങൾക്കിടയിലും അഴിമതിവിരുദ്ധ ബോധവത്കരണ ക്ലാസുകൾ നടത്തണം.
അഴിമതിക്കെതിരായ ജാഗ്രതയുടെ നിലവാരം കൂട്ടണം. എല്ലാ പൊതുജന സേവനങ്ങളും ഓൺലൈനാക്കാൻ നിർദ്ദേശിക്കണം.. മൂന്നു മാസത്തിലൊരിക്കൽ ഫയൽ അദാലത്ത് നടത്തണം. കെട്ടിക്കിടക്കുന്ന ഫയലുകളിൽ 50ശതമാനം സെപ്തംബർ 15നകം തീർപ്പാക്കണം. വാഹനങ്ങളുടെ കുറവ് പരിഹരിക്കും. വിജിലൻസ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകണമെന്നും എല്ലാ വകുപ്പുകളിലെയും വിജിലൻസ് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കണമെന്നും മനോജ് എബ്രഹാം നിർദ്ദേശിച്ചു.
ശിക്ഷാ നടപടി
ഉറപ്പാക്കും
മിന്നൽപരിശോധനകളിൽ കണ്ടെത്തുന്ന ക്രമക്കേടുകൾ വകുപ്പു മേധാവികളെയും സർക്കാരിനെയും അറിയിച്ച് നടപടിക്ക് ശുപാർശ ചെയ്യും. ശുപാർശയിൽ എന്ത് നടപടിയെടുത്തെന്ന് അറിയിക്കാൻ വകുപ്പുകൾക്ക് വിജിലൻസ് നിർദ്ദേശം നൽകും.
കെണിവച്ച്
പിടിക്കും
കൈക്കൂലിക്കാരെ കെണിവച്ച് പിടിക്കുന്ന 'ട്രാപ്പ്' കേസുകൾ കൂട്ടും. റേഞ്ച്, യൂണിറ്റ് എസ്.പിമാർ നേരിട്ട് ട്രാപ്പുകൾക്ക് മേൽനോട്ടം വഹിക്കണം. ഫോറൻസിക് പരിശോധനാ റിപ്പോർട്ടുകളുടെ കാലതാമസം ഒഴിവാക്കും. സുപ്രധാന തീരുമാനങ്ങൾ വിജിലൻസ് ഡയറക്ടറുടെ അനുമതിയില്ലാതെ നടപ്പാക്കരുതെന്നും നിർദ്ദേശമുണ്ട്.