തിരുവനന്തപുരം: നഗരസഭയിലെ കെട്ടിട നമ്പർ തട്ടിപ്പിൽ പ്രധാന പ്രതികൾക്കായി അന്വേഷണം ഊർജിതം. കെട്ടിട ഉടമ അജയഘോഷ്, നഗരസഭയുടെ കമ്പ്യൂട്ടറിൽ നിന്ന് അപേക്ഷ തീർപ്പാക്കിയ ആൾ എന്നിവരെയാണ് അന്വേഷണസംഘം തേടുന്നത്. സൈബർ പൊലീസ് അന്വേഷണം മ്യൂസിയം പൊലീസിന് കൈമാറിയെങ്കിലും അവർ ഇന്നലെവരെ എഫ്.ഐ.ആറിട്ട് അന്വേഷണം ആരംഭിച്ചിട്ടില്ല.
സംഭവത്തിൽ കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കുള്ളതായും സൂചനയുണ്ട്. കോർപ്പറേഷനിലെ റവന്യു ഓഫീസറുടെ ഒപ്പ് രേഖപ്പെടുത്താനുള്ള ഡോങ്കിൾ സൂക്ഷിക്കുന്നത് ഓഫീസിലെ ഒരു താത്കാലിക ജീവനക്കാരനാണെന്നും കണ്ടെത്തി. ഈ ഗുരുതരമായ വീഴ്ചയാണ് വൻ തട്ടിപ്പിന് വഴിയൊരുക്കിയതെന്നാണ് കണ്ടെത്തൽ.
അറസ്റ്റിലേക്കുള്ള വഴി
ഡിജിറ്റൽ തെളിവുകൾ നഗരസഭയിൽ നിന്ന് ശേഖരിച്ചു
ഐ.പി അഡ്രസ്, എവിടെ നിന്നാണ് ലോഗിൻ ചെയ്‌തത്
എന്നതും കൃത്യമായി ശേഖരിച്ചു
സംശയമുള്ള ജീവനക്കാരെ പ്രത്യേകം നിരീക്ഷിച്ചു
തട്ടിപ്പ് നടന്ന 2022 ജനുവരി മുതലുള്ള ദിവസങ്ങളിൽ തട്ടിപ്പ് നടന്ന
ദിവസത്തെ ടവർ ലോക്കേഷനും ഫോൺ കാളുകളും പരിശോധിച്ചു
ഇടനിലക്കാരുടെ സൂചന അന്വേഷണസംഘത്തിന് ലഭിച്ചു.
ഇവരുടെ ഫോണും മറ്റും നിരീക്ഷിച്ചശേഷം കസ്റ്റഡിയിലെടുത്തു
ഇടനിലക്കാരെ സഹായിച്ച ഉദ്യോഗസ്ഥരെ ചോദ്യം
ചെയ്‌തശേഷം പ്രതികൾ അറസ്റ്റിൽ.
നടത്തിയത് വൻതട്ടിപ്പ്
തങ്ങൾക്ക് അറിയാവുന്ന ഉദ്യോഗസ്ഥരുടെ പാസ്‌വേഡും യൂസർ നെയിമും ഉപയോഗിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്.
സഞ്ചയ സോഫ്റ്റ്‌വെയറിൽ കെട്ടിടത്തിന്റെ വിവരങ്ങൾ രേഖപ്പെടുത്താനും പരിശോധിക്കാനും ഏത് കമ്പ്യൂട്ടറിൽ നിന്നും കഴിയും. ഇതിന് ഉദ്യോഗസ്ഥരുടെ യൂസർനെയിമും പാസ്‌വേഡും മാത്രം മതിയാകും. എന്നാൽ അനുമതി നൽകാനുള്ള ഡിജിറ്റൽ ഒപ്പ് കോർപ്പറേഷനിലെ കമ്പ്യൂട്ടറിൽ നിന്ന് മാത്രമേ നൽകാനാകൂ.
കേശവദാസപുരത്ത് നടന്ന തട്ടിപ്പിൽ പിടിയിലായ വിവരങ്ങൾ രേഖപ്പെടുത്തിയതും പരിശോധിച്ചതും പിടിയിലായ ബീനാകുമാരിയും സന്ധ്യയും ചേർന്നാണ്. ഇവർ സ്വന്തം മൊബൈൽ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്നും സംശയമുണ്ട്. എന്നാൽ ഡിജിറ്റൽ ഒപ്പ് രേഖപ്പെടുത്തി അനുമതി നൽകിയത് റവന്യു ഓഫീസറുടെ യൂസർനെയിമും പാസ്‌വേഡും അറിയാവുന്ന കോർപ്പറേഷൻ ഓഫീസിലെ ഉദ്യോഗസ്ഥനാണ്. തട്ടിപ്പിന് കോർപ്പറേഷനിലെ കമ്പ്യൂട്ടർ ഉപയോഗിച്ചതിന് ചില താത്കാലിക ജീവനക്കാരെ ജോലിയിൽ നിന്ന് മാറ്റി നിറുത്തിയിരുന്നു.
കൂടുതൽ തട്ടിപ്പെന്ന് സംശയം
പ്രതികൾ സമാനമായ രീതിയിൽ നിരവധി പേർക്ക് കെട്ടിടനമ്പർ നൽകിയതായി സംശയമുണ്ട്. തട്ടിപ്പിനായി നഗരസഭയിൽ ഏജന്റുമാരുടെ വൻസംഘം പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം. രണ്ടോ മൂന്നോ താത്കാലിക ജീവനക്കാർ ഇത്തരം തട്ടിപ്പ് നടത്തുമെന്ന് അന്വേഷണ സംഘവും കരുതുന്നില്ല.
പ്രധാന ഓഫീസ്,ഫോർട്ട്,നേമം,കടകംപള്ളി എന്നീ ഓഫീസുകൾ കേന്ദ്രീകരിച്ച് വൻ തട്ടിപ്പ് നടന്നെന്നാണ് സൂചന. വൻകിട കെട്ടിടങ്ങൾക്കും വ്യാപാര സ്ഥാപനങ്ങൾക്കുമടക്കം ഇത്തരത്തിൽ അനധികൃത നമ്പർ വാങ്ങി നൽകിയിട്ടുണ്ടെന്നാണ് സംശയം. പിടിയിലായ വിഴിഞ്ഞത്തെ ബാങ്ക് ശാഖയിലെ ജീവനക്കാരനായ ഇടനിലക്കാരൻ ക്രിസ്റ്റഫറിന് കോർപ്പറേഷൻ ഓഫീസിൽ വലിയ സ്വാധീനമാണുള്ളതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. എൻജിനിയറിംഗ് സെക്ഷനിലെ ഫയലുകൾ പോലും ഇയാൾ കൈകാര്യം ചെയ്യാറുണ്ടെന്നാണ് ആരോപണം. സൈബർ പൊലീസ് സി.ഐ എസ്.പി പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്‌ത നാലു പ്രതികളെയും ഇന്നലെ റിമാൻഡ് ചെയ്‌തു.