
തിരുവനന്തപുരം: കായികരംഗത്ത് പുതിയ മാറ്റങ്ങൾ കൊണ്ടുവരാൻ സ്പോർട്സ് പോളിസി നടപ്പാക്കാൻ ഉദ്ദേശിക്കുന്നതായി മന്ത്രി വി.അബ്ദുറഹ്മാൻ നിയമസഭയിൽ പറഞ്ഞു. നയം മുഖ്യമന്ത്രിയുടെ അംഗീകാരത്തിന് സമർപ്പിച്ചിട്ടുണ്ട്. അനുമതി കിട്ടുന്ന മുറയ്ക്ക് തുടർനടപടികൾ സ്വീകരിക്കുമെന്നും ധനാഭ്യർത്ഥന ചർച്ചയ്ക്കുള്ള മറുപടിയായി അദ്ദേഹം പറഞ്ഞു.
കായിക രംഗവുമായി ബന്ധപ്പെട്ട് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഉന്നത വിദ്യാഭ്യാസത്തിൽ കായികരംഗം ഒരു വിഷയമാക്കും. പ്രൈമറി തലം മുതൽ കായികമേഖല പാഠ്യവിഷയമാക്കേണ്ടതാണ്. കായിക രംഗത്തിന്റെ അടിസ്ഥാന വികസനത്തിന് 1400 കോടി രൂപ ബഡ്ജറ്റിൽ മാറ്റിവച്ചിട്ടുണ്ട്. ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ ജില്ലാ ആസ്ഥാനങ്ങളിൽ ഓപ്പൺ ജിം ആരംഭിക്കും. ഫുട്ബാൾ മേഖലയുടെ സമഗ്ര പുരോഗതിക്ക് ഗോൾ എന്ന പേരിൽ സംസ്ഥാനത്ത് അഞ്ച് ലക്ഷം കുട്ടികൾക്ക് പരിശീലനത്തിന് പദ്ധതി നടപ്പാക്കുമെന്നും അബ്ദുറഹ്മാൻ അറിയിച്ചു.