
തിരുവനന്തപുരം: സംസ്ഥാനത്താദ്യമായി സ്ഥാപിതമായ സർവകലാശാല ഇംഗ്ലീഷ് വകുപ്പായ കേരള സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇംഗ്ലീഷ് വജ്രജൂബിലി നിറവിൽ. വജ്രജൂബിലി ആഘോഷം പ്രോ വൈസ്ചാൻസലർ പ്രൊഫ. പി.പി. അജയകുമാർ ഉദ്ഘാടനം ചെയ്തു. ദീർഘകാലം ഇൻസ്റ്റിറ്റ്യൂട്ട് മേധാവിയായിരുന്ന പ്രൊഫ. കെ. രാധ തന്റെ ഓർമ്മകൾ പങ്കിട്ടു. മുൻ അദ്ധ്യാപികയും എം.ജി, കേന്ദ്ര സർവകലാശാലകളുടെ വൈസ് ചാൻസലറുമായിരുന്ന പ്രൊഫ. ജാൻസി ജെയിംസ് 'സത്യാനന്തരം" എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ഇംഗ്ലീഷ് വിദ്യാഭ്യാസ ശാക്തീകരണത്തിന് വേണ്ടിയുള്ള കേന്ദ്രമായി 1962 ജൂലായ് 14ന് കോട്ടയം സി.എം.എസ് കോളേജിൽ അന്നത്തെ രാഷ്ട്രപതി വി.വി. ഗിരിയാണ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇംഗ്ലീഷ് ഉദ്ഘാടനം ചെയ്തത്. സി.എം.എസ് കോളേജ് പ്രിൻസിപ്പലായിരുന്ന പ്രൊഫ. പി.സി. ജോസഫായിരുന്നു ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യ സാരഥി. തുടർന്ന് 1965ൽ തിരുവനന്തപുരത്തെ പ്രധാന കാമ്പസിലേക്ക് മാറ്റി. കവിയും സാഹിത്യകാരനുമായിരുന്ന പ്രൊഫ. കെ. അയ്യപ്പപ്പണിക്കർ ദീർഘകാലം അദ്ധ്യക്ഷനായിരുന്നു. കേരളത്തിലെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് മാർഗദർശിയായിരുന്ന ഇൻസ്റ്റിറ്റ്യൂട്ട് അനേകം അദ്ധ്യാപകരെയും ഗവേഷകരെയും സംഭാവന ചെയ്തിട്ടുണ്ട്. വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി നിരവധി പദ്ധതികൾ നടപ്പാക്കുമെന്ന് വകുപ്പ് അദ്ധ്യക്ഷൻ പ്രൊഫ. ബി. ഹരിഹരൻ പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികൾക്കായി നടത്തിയ പരിഭാഷ പഠന ശില്പശാലയിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.