
ബാലരാമപുരം: റസൽപ്പുരത്ത് യുവാവിനെ കുത്തിക്കൊന്ന സംഭവത്തിൽ മുഖ്യപ്രതികളെ പൊലീസ് പിടികൂടി. തേമ്പാമുട്ടം കുടജാദ്രിയിൽ ആഞ്ജനേയൻ (24), തേമ്പാമുട്ടം വലിയവിളവീട്ടിൽ വിഷ്‌ണു (24) എന്നിവരാണ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവി ലൂക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി മണിക്കൂറുകൾക്കകമാണ് ഇവരെ പിടികൂടിയത്.
കത്തിക്കുത്തിനിടെയുണ്ടായ പരിക്കിനെ തുടർന്ന് സംഭവം നടന്നതിന് പിന്നാലെ തമിഴ്നാട് ഭാഗത്തേക്ക് കടന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ മുഖ്യപ്രതികൾ വീണ്ടും ബാലരാമപുരത്തേക്ക് എത്തുകയായിരുന്നു. പ്രതികൾ ബാലരാമപുരം, നരുവാമൂട് മേഖലയിലെ രഹസ്യ സങ്കേതത്തിലുണ്ടെന്ന സ്‌പെഷ്യൽ ബ്രാഞ്ചിന്റെ നിഗമനവും മുഖ്യപ്രതികളെ വലയിലാക്കാൻ സഹായകമായി.
ആഞ്ജനേയനെതിരെ നോർത്ത് പരവൂർ സ്റ്റേഷനിൽ കൊലപാതകശ്രമക്കേസും ബാലരാമപുരം സ്റ്റേഷനിൽ അടിപിടിക്കേസും കഞ്ചാവ് കേസുമുണ്ട്. കഞ്ചാവ് കൈവശം വച്ചതിന് വിഷ്‌ണുവിനെതിരെ ബാലരാമപുരം സ്റ്റേഷനിൽ കേസുണ്ട്. ഇവരുടെ കൂട്ടാളികളായ അജീഷ് (33), നിധീഷ് (25) എന്നിവരെ കഴിഞ്ഞ ദിവസം ബാലരാമപുരം പൊലീസ് അറസ്റ്റുചെയ്‌തിരുന്നു.