
നെയ്യാറ്റിൻകര: ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. നെയ്യാറ്റിൻകര അഡിഷണൽ ജില്ലാ ജഡ്ജി കവിതാ ഗംഗാധരനാണ് ശിക്ഷ വിധിച്ചത്. പ്രായപൂർത്തിയാകാത്ത മക്കൾക്ക് പിഴഒടുക്കുന്ന തുക നൽകണം. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു കൊല്ലം കൂടി തടവ് അനുഭവിക്കണം. 2016 ജൂൺ 5നാണ് കേസിനാസ്പദമായ സംഭവം. പള്ളിച്ചൽ നരുവാമൂട് മുക്ക്നട സോനു നിവാസിൽ കുമാറാണ് (48) ഭാര്യ നേമം ഫാർമസി റോഡിൽ ശിവഗംഗ വീട്ടിൽ റിട്ട. എസ്.ഐ ബോധേശ്വരന്റെ മകൾ സുസ്മിതയെ (36) കൊലപ്പെടുത്തിയത്. വിമുക്ത ഭടനായ കുമാറും സുസ്മിതയും കുടുംബവഴക്കിനെ തുടർന്ന് പിരിഞ്ഞ് താമസിക്കുകയായിരുന്നു. കുടുംബകോടതിയിൽ ഡിവോഴ്സ് കേസും നിലവിലുണ്ട്. കോടതി ഉത്തരവ് പ്രകാരം എല്ലാ ഞായറാഴ്ചയും രാവിലെ മക്കളെ കുമാർ സ്വന്തം വീട്ടിൽ കൊണ്ടുപോയിട്ട് വൈകിട്ട് സുസ്മിതയുടെ വീട്ടിലെത്തിക്കുമായിരുന്നു. സംഭവ ദിവസം വൈകിട്ട് കുട്ടികളെ കുമാർ തിരികെ എത്തിച്ചപ്പോൾ നേമം ശിവൻ കോവിൽ ജംഗ്ഷനിൽ കാത്തുനിന്ന സുസ്മിതയുമായി വാക്കേറ്റമുണ്ടാവുകയും കൈവശം കരുതിയിരുന്ന കത്തിയുപയോഗിച്ച് കുത്തുകയുമായിരുന്നു. സുസ്മിത സംഭവസ്ഥലത്ത് തന്നെ മരിച്ചു. കുട്ടികളും പിതാവിനെതിരെ കോടതിയിൽ മൊഴി നൽകിയിരുന്നു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പാറശാല എ. അജികുമാർ, അഡ്വ. അനൂജ് എന്നിവർ ഹാജരായി.