
■കെ.എസ്.ഇ.ബിക്ക് നേട്ടമുണ്ടാക്കാനായതിൽ ആഹ്ളാദം
തിരുവനന്തപുരം:സമരവും വിവാദങ്ങളും നിറഞ്ഞ ഒരു വർഷത്തിനിടയിൽ പടിയിറക്കം പ്രതീക്ഷിച്ചതാണെന്നും, അത് സർക്കാർ സംവിധാനത്തിലെ സാധാരണ രീതി മാത്രമാണെന്നും കെ.എസ്.ഇ.ബി. ചെയർമാൻ പദവിയൊഴിയുന്ന ഡോ.ബി. അശോക് പറഞ്ഞു.വിവാദങ്ങളുണ്ടായെങ്കിലും പടിയിറങ്ങുമ്പോൾ കെ.എസ്.ഇ.ബിക്ക് നേട്ടം നൽകാനായതിന്റെ ആഹ്ളാദത്തിലാണ് അദ്ദേഹം.
കഴിഞ്ഞ വർഷം ജൂലായ് 16നാണ് ഡോ.ബി.അശോക് കെ.എസ്.ഇ.ബി സി.എം.ഡി.യായി ചുമതലയേറ്റത്. അന്ന് കെ.എസ്.ഇ.ബി. കോടികളുടെ നഷ്ടത്തിലായിരുന്നു.2019-20ൽ 269.55 കോടിയായിരുന്ന നഷ്ടം 2020-21ൽ 1822.35 കോടിരൂപയായി .സഞ്ചിത നഷ്ടമാകട്ടെ 12164.43കോടിയിലുമെത്തി.ഈ സ്ഥിതിയിൽ നിന്ന് ഒരു വർഷത്തിനുള്ളിൽ 1417കോടിരൂപയുടെ പ്രവർത്തന ലാഭം കൈവരിക്കാനായതാണ് തിളങ്ങുന്ന നേട്ടം.
വിവാദങ്ങളേറെയുണ്ടെങ്കിലും നേട്ടങ്ങളുടെ ഒരു വർഷം സൃഷ്ടിക്കാൻ കഴിഞ്ഞു.രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തിൽ നേട്ടങ്ങളുടെ പട്ടികയിൽ തിളങ്ങിയ വകുപ്പും വൈദ്യുതിയായിരുന്നു.ശ്രമിച്ചാൽ പൊതുമേഖലയ്ക്ക് ലാഭത്തിലാകാൻ കഴിയുമെന്നും ,സാഹചര്യമൊരുക്കിയാൽ വ്യവസായങ്ങൾക്ക് കേരളത്തിലും വളരാനാകുമെന്ന് തെളിയിക്കാനായി.
ആഭ്യന്തര ഊർജ്ജ ഉത്പാദനം പരമാവധി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യവുമായി മുടങ്ങിക്കിടന്ന അനേകം പദ്ധതികളുടെ നിർമ്മാണം പൂർത്തിയാക്കാനും നിരവധി പുതിയ പദ്ധതികൾക്ക് തുടക്കം കുറിക്കാനും സാധിച്ചു. ഉത്പാദന രംഗത്ത് 173 മെഗാവാട്ട് അധികശേഷി കൈവരിച്ചു. കേരളത്തിലെ പുരപ്പുറങ്ങളിൽ നിന്ന് 142.66മെഗാവാട്ട് സൗരോർജ്ജ വൈദ്യുതോത്പാദന ശേഷിയും കൈവരിക്കാനായി
ജലവൈദ്യുതോത്പാദനരംഗത്ത് 124 മെഗാവാട്ടിന്റെ കുതിപ്പിനും തുടക്കമിട്ടു.
കേരള സർക്കാരിന്റെ ഇ മൊബിലിറ്റി നയത്തിന്റെ ഭാഗമായി 65 വൈദ്യുത കാറുകളാണ് കെ എസ് ഇ ബി നിരത്തിലിറക്കിയത്. കേരളത്തിലുടനീളം 27 വൈദ്യുതി വാഹന ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകളും നിർമ്മിച്ചു. ഇതിനു പുറമേ ഇരുചക്ര മുച്ചക്ര വാഹനങ്ങൾക്കായി 1140 പോൾ മൗണ്ടഡ് ചാർജിംഗ് സ്റ്റേഷനുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. ഇതിൽ 200 എണ്ണം പ്രവർത്തനമാരംഭിച്ചു.കാര്യക്ഷമതയാർന്ന പ്രവർത്തനത്തിനുള്ള അംഗീകാരമെന്ന നിലയിൽ ദേശീയതലത്തിലുള്ള നിരവധി പുരസ്കാരങ്ങളാണ് ഒരു കൊല്ലത്തിനുള്ളിൽ കെ എസ് ഇ ബിയെ തേടിയെത്തിയത്.
ചെയർമാൻ ഒഴിഞ്ഞിട്ടും ഒഴിയാതെ വിവാദം
സമരങ്ങൾക്കും വിവാദങ്ങൾക്കുമൊടുവിൽ കെ.എസ്.ഇ.ബി. ചെയർമാൻ സ്ഥാനത്തു നിന്ന് ഡോ.ബി.അശോകിനെ മാറ്റിയെങ്കിലും, അദ്ദേഹം പടിയിറങ്ങുന്നതിന് മുമ്പ് സ്ഥലംമാറ്റ വ്യവസ്ഥകളുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ഉത്തരവിനെതിരെ ആക്ഷേപം.
സ്ഥലം മാറ്റ മാനദണ്ഡങ്ങൾ നിശ്ചയിച്ച് ഡയറക്ടർ ബോർഡ് ജൂലായ് 11ന് പുറത്തിറക്കിയ ഉത്തരവിൽ സംഘടനാ നേതാക്കൾക്ക് സംസ്ഥാനതലത്തിൽ പ്രൊട്ടക്ഷൻ നൽകില്ലെന്നും അതത് ജില്ലകളിൽ മാത്രമെന്നും വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ വൈദ്യുതി ഭവൻ ആസ്ഥാനത്ത് ജോലി ചെയ്യുന്നവർക്ക് ജില്ലാതല പ്രൊട്ടക്ഷൻ കിട്ടും. എന്നാൽ പുതുതായി നൽകാനാവില്ല.അച്ചടക്ക നടപടിയുടെയോ,മറ്റേതെങ്കിലും ശിക്ഷാ നടപടിയുടെയോ ഭാഗമായി മറ്റിടങ്ങളിൽ പോസ്റ്റ് ചെയ്യപ്പെട്ടവർക്ക് പഴയ ലാവണത്തിലേക്ക് തിരിച്ച് സ്ഥലം മാറ്റം നൽകാനാകില്ല. രണ്ടു മാസം മുമ്പ് കെ.എസ്.ഇ.ബിയിൽ നടന്ന സമരവുമായി ബന്ധപ്പെട്ട് സ്ഥലം മാറ്റപ്പെട്ടവർക്ക് തലസ്ഥാനത്തേക്ക് എത്താനാകില്ലെന്നതാണ് ഫലം. ഭരണാനുകൂല സംഘടനാ നേതാക്കളായ ഡോ.സുരേഷ് കുമാർ പെരിന്തൽമണ്ണയിലേക്കും,ജനറൽ സെക്രട്ടറി ബി.ഹരികുമാർ പാലക്കാട്ടേക്കുമാണ് സ്ഥലംമാറ്റപ്പെട്ടത്.
പുതിയ ചെയർമാൻ വരുന്നതോടെ ഉത്തരവ് തിരുത്താനാകുമെങ്കിലും ഒരിക്കൽ സ്ഥലംമാറ്റ മാനദണ്ഡം നിശ്ചയിച്ച ശേഷം സ്ഥാപനത്തിന്റെ പ്രവർത്തനത്തിന് വേണ്ടിയല്ലാതെ മാനദണ്ഡങ്ങൾ തിരുത്തിയാൽ കോടതിയിൽ നിലനിൽക്കില്ലെന്ന ആശങ്കയുമുണ്ട്.
സംഘടനാ നേതാക്കൾക്ക് സംഘടനാ പ്രവർത്തനങ്ങൾക്ക് അവസരം ങനൽകുന്നതിനായി പലപ്പോഴും ആസ്ഥാനത്ത് നിയമനം നടത്തുന്നതാണ് യൂണിയൻ പ്രൊട്ടക്ഷൻ സംവിധാനം.