വിഴിഞ്ഞം: തമിഴ്നാട് കുളച്ചൽ നിദ്രവിള ഇരയിമ്മൻതുറയിൽ തീരത്തടിഞ്ഞ മൃതദേഹത്തിന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചു. വെള്ളം ഉള്ളിൽച്ചെന്നാണ് മരണമെന്നും ശരീരത്തിൽ മുറിവുകളില്ലെന്നുമാണ് റിപ്പോർട്ടിലുള്ളതെന്ന് പൊലീസ് പറഞ്ഞു. പെൺ സുഹൃത്തിനെ തേടി ആഴിമലയിൽ എത്തിയ ശേഷം കാണാതായ കിരണിന്റേതെന്ന് സംശയിക്കുന്ന മൃതദേഹമാണ് ആശാരിപള്ളം മെഡിക്കൽ കോളജ് ആശുപ്രതിയിൽ കഴിഞ്ഞ ദിവസം പോസ്റ്റ്മോർട്ടം ചെയ്തത്. കന്യാകുമാരി കോസ്റ്റൽ പൊലീസിനാണ് പോസ്റ്റുമോർട്ടം സംബന്ധിച്ച പ്രാഥമിക വിവരം ലഭിച്ചതെന്ന് വിഴിഞ്ഞം എസ്.എച്ച്.ഒ പ്രജീഷ് ശശി പറഞ്ഞു. വിശദ റിപ്പോർട്ട് ഉടൻ ലഭിക്കും. നിദ്രവിളയിൽ കണ്ടെത്തിയ മൃതദേഹം പിതാവുൾപ്പെടെ ബന്ധുക്കൾ തിരിച്ചറിഞ്ഞെങ്കിലും ഡി.എൻ.എ പരിശോധനയ്ക്ക് ശേഷമേ സ്ഥിരീകരിക്കാനാവൂവെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. സംഭവത്തോടനുബന്ധിച്ച് ഒളിവിൽപോയ കിരണിന്റെ പെൺസുഹൃത്തിന്റെ സഹോദരൻ ഉൾപ്പെടെയുള്ളവർക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.