
തിരുവനന്തപുരം: കെ.കെ. രമ വിധവയായത് അവരുടെ വിധിയെന്ന് അധിക്ഷേപ സ്വരത്തിൽ എം.എം. മണി പരാമർശിച്ചതിൽ പ്രകോപിതരായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധ മുദ്രാവാക്യം മുഴക്കിയതോടെ നിയമസഭ പ്രക്ഷുബ്ധമായി. എന്തും വിളിച്ച് പറയാമെന്ന് കരുതരുതെന്നും, പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട ധനാഭ്യർത്ഥന ചർച്ചയ്ക്കിടെയാണ് സംഭവം .പ്രതിപക്ഷ ബഹളത്തെ തുടർന്ന് ഏഴ് മിനിറ്റോളം സ്പീക്കർ സഭ നിറുത്തിവച്ചു. പുനരാരംഭിച്ചപ്പോഴും നടുത്തളത്തിലിൽ സ്പീക്കറുടെ പോഡിയത്തിലേക്കടക്കം വലിഞ്ഞുകയറി പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി. തുടർന്ന് മുഖ്യമന്ത്രിയുടെ മറുപടി ബഹിഷ്കരിച്ച് സഭ വിട്ടിറങ്ങി. ബഹളത്തിനിടയിൽ പ്രസംഗം തുടർന്ന മണി താനാരെയും അപമാനിച്ചിട്ടില്ലെന്ന് പറഞ്ഞെങ്കിലും, മാപ്പ് പറയാൻ തയാറായില്ല. അവർ വിധവയായതിൽ സി.പി.എമ്മിനോ, എൽ.ഡി.എഫിനോ പങ്കില്ലെന്നാണ് മണി പറഞ്ഞതെന്നും ,അതിലെന്തെങ്കിലും തെറ്റുണ്ടെന്ന് പറയാനാവില്ലെന്നും പിന്നീട് മുഖ്യമന്ത്രി പിണറായി വിജയനും ന്യായീകരിച്ചു. മഹതിയെന്ന പ്രയോഗം അപകീർത്തികരമല്ലെന്നും അദ്ദേഹം പറഞ്ഞു.
ആഭ്യന്തരവകുപ്പിനെ വിമർശിച്ചുകൊണ്ടുള്ള രമയുടെ പ്രസംഗത്തിന് പിന്നാലെയാണ് മണി പ്രസംഗിച്ച് തുടങ്ങിയത്. "ഒരു മഹതി ഇപ്പോൾ പ്രസംഗിച്ചു, മുഖ്യമന്ത്രിക്കെതിരെ. എൽ.ഡി.എഫ് സർക്കാരിനെതിരെ. ഞാൻ പറയാം, ആ മഹതി വിധവയായിപ്പോയി, അതവരുടെ വിധി. അതിന് ഞങ്ങളാരും ഉത്തരവാദികളല്ല"- ഇതായിരുന്നു മണിയുടെ വിവാദ പരാമർശം. ഇതിൽ ക്ഷുഭിതരായ പ്രതിപക്ഷം 'തോന്നിവാസം സംസാരിച്ച എം.എം. മണി മാപ്പ് പറയുക', 'സഭയെയാകെ അപമാനിച്ച എം.എം. മണി മാപ്പ് പറയുക', 'വിധവയാക്കിയത് ആരാണ്', 'ആരാണത് വിധിച്ചത്', 'സ്ത്രീത്വത്തെ അപമാനിച്ച എം.എം. മണി മാപ്പ് പറയുക' എന്നിങ്ങനെ മുദ്രാവാക്യങ്ങൾ മുഴക്കി നടുത്തളത്തിലേക്ക് കുതിക്കുകയായിരുന്നു. മണിയുടെ പരാമർശത്തിൽ രമ വിങ്ങിപ്പൊട്ടിയതും, സ്പീക്കർ സഭ നിറുത്തിവച്ച ശേഷം പ്രതിപക്ഷനേതാവ് അടക്കമുള്ള നേതാക്കളെത്തി അവരെ ആശ്വസിപ്പിച്ചതും നാടകീയരംഗങ്ങൾ സൃഷ്ടിച്ചു. സഭ നിറുത്തിയ ശേഷം ഭരണ- പ്രതിപക്ഷ അംഗങ്ങൾ തമ്മിലും വാക്കേറ്റമുണ്ടായി.
ഇവിടെയിരിക്കുന്ന സഹോദരിയോട് ഏറ്റവും ക്രൂരവും നിന്ദ്യവുമായ പരാമർശം നടത്തിയ എം.എം.മണി അത് പിൻവലിച്ച് മാപ്പ് പറയാതെ സഭ നടക്കില്ലെന്ന്, നിറുത്തിവച്ച സഭ പുനരാരംഭിച്ചപ്പോൾ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. പിന്നാലെയാണ് ഡയസിലേക്കടക്കം പ്രതിപക്ഷ അംഗങ്ങൾ തള്ളിക്കയറാൻ ശ്രമിച്ചത്. എം.എം. മണിയെക്കൊണ്ട് മുഖ്യമന്ത്രി ഇടപെട്ട് മാപ്പ് പറയിക്കണമെന്ന്, മണിക്ക് ശേഷം പ്രസംഗിക്കേണ്ടിയിരുന്ന രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അവരുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു. 52 വെട്ട് വെട്ടിയിട്ടും മതിയായില്ലേ. ഇതാണ് മനോനിലയെങ്കിൽ എന്താണിവിടെ സംഭവിക്കുക- അദ്ദേഹം ചോദിച്ചു.
കെ.കെ. രമയെ അപമാനിച്ചിട്ടില്ലെന്ന്
മുഖ്യമന്ത്രിയും എം.എം. മണിയും
തിരുവനന്തപുരം: കെ.കെ.രമവിധവയായതിൽ സി.പി.എമ്മിനോ എൽ.ഡി.എഫിനോ പങ്കില്ലെന്ന് എം.എം. മണി പറഞ്ഞതിൽ ഏതെങ്കിലും തെറ്റുണ്ടെന്ന് പറയാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . താൻ ആരെയും അപമാനിച്ചിട്ടില്ലെന്നും മുദ്രാവാക്യം വിളിച്ച് തന്നെ പേടിപ്പിക്കേണ്ടെന്നും എം.എം. മണിയും.
രമയ്ക്കെതിരെ എം.എം.മണി നിയമസഭയിൽ നടത്തിയ വിവാദ പരാമർശത്തെ ന്യായീകരിക്കുകയായിരുന്നു
ഇരുവരും,
ഈ സഭയിൽ ഒറ്റപ്പെട്ട് വന്ന മഹതി ഇങ്ങനെ മുഖ്യമന്ത്രിയെ കടന്നാക്രമിക്കുന്നത് ശരിയാണോ? അവരെ നിങ്ങൾ ഉപദേശിച്ചോ? താനവരെ മഹതി എന്നാണ് സംബോധന ചെയ്തതെന്നും അത് ആക്ഷേപമല്ലെന്നും മണി പറഞ്ഞു.
മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസംഗം നടക്കരുതെന്ന ചിന്തയുള്ളവരാണ് അപ്പുറത്ത് നിന്ന് അദ്ദേഹത്തിന്റെ പ്രസംഗ സമയമാകുമ്പോൾ ബഹിഷ്കരണം നടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. . . തിരുവഞ്ചൂർ രാധാകൃഷ്ണനെപ്പറ്റി എം.എം. മണി പ്രസംഗിച്ചത് അദ്ദേഹത്തിന്റെ അനുഭവമാണ്. അക്കാര്യത്തിൽ എന്താണദ്ഭുതമുള്ളത്? നിയമവിരുദ്ധ പ്രവർത്തനത്തിന് തിരുവഞ്ചൂർ ആഭ്യന്തരമന്ത്രിയായിരിക്കെ നേതൃത്വം കൊടുത്തുവെന്നാണ് മണി പറഞ്ഞത്. എന്തിനാണ് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചത്? സ്പീക്കറുടെ മുന്നിലേക്ക് ചാടിവരുന്ന പ്രതിപക്ഷാംഗങ്ങളെയാണ് കണ്ടത്. കൂട്ടത്തിൽ പുതിയ അംഗത്തെയും കണ്ടു. കഴിഞ്ഞ സഭാസമ്മേളന കാലത്ത് തുടങ്ങിവച്ച സംസ്കാരം മാറിയിട്ടില്ലെന്നാണിത് കാണിക്കുന്നത്. ആദ്യഘട്ടത്തിലേ ചാടി വീണ് മുദ്രാവാക്യം വിളിച്ചത് പുതുതായി എ.ഐ.സി.സി ഭാരവാഹിയാക്കപ്പെട്ടയാളാണെന്ന് റോജി എം.ജോണിനെ സൂചിപ്പിച്ച് മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയുടെ അധികാരമറിയാത്തവരല്ല ഞങ്ങൾ. അത് ദൗർബല്യമായി കാണരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളം കണ്ട ഏറ്റവും വൃത്തികെട്ട ആഭ്യന്തരമന്ത്രിയാണ് തിരുവഞ്ചൂർ രാധാകൃഷ്ണനെന്നും,. തിരുവഞ്ചൂരിന്റെ മഹത്തായ പൊലീസ്ഭരണത്തിന്റെ കെടുതിയനുഭവിച്ചവനാണ് താനെന്നും എം.എം.മണി പറഞ്ഞു.
മുഖ്യമന്ത്രി സഞ്ചരിക്കുന്ന
അടിയന്തരാവസ്ഥ : രമ
മുഖ്യമന്ത്രിക്ക് പാതയൊരുക്കാനായി മുഴുവൻ സമയവും വിനിയോഗിക്കുന്നവരായി പൊലീസുദ്യോഗസ്ഥർ മാറിക്കഴിഞ്ഞെന്നും ആളുകളെ ബന്ദികളാക്കി നിറുത്തിയുള്ള ഈ സഞ്ചാരത്തിലൂടെ സഞ്ചരിക്കുന്ന അടിയന്തരാവസ്ഥയായി മുഖ്യമന്ത്രി മാറിയെന്നും കെ.കെ. രമ ചർച്ചയിൽ കുറ്റപ്പെടുത്തി. വന്ധ്യംകരിക്കപ്പെട്ട സേനയായി കേരള പൊലീസ് മാറി. ആഭ്യന്തരവകുപ്പിൽ മൊത്തം അഴിമതിയാണെന്നും അവർ ആരോപിച്ചു.