തിരുവനന്തപുരം:എയ്ഡഡ് സ്കൂൾ നിയമനങ്ങളുടെ അംഗീകാരവുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകളിലെ ഭിന്നശേഷി സംവരണക്കാര്യത്തിൽ നിലനിൽക്കുന്ന അവ്യക്തതകളും, ആശങ്കകളും എത്രയും വേഗം പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്ന് ഡി.എസ്.ടി.എ ആവശ്യപ്പെട്ടു. തിരുവനന്തപുരം പാൽക്കുളങ്ങര എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിൽ ചേർന്ന സംസ്ഥാന തല മെമ്പർഷിപ്പ് വിതരണ സമ്മേളനത്തിലാണ് ഈ ആവശ്യമുന്നയിച്ചു കൊണ്ടുള്ള പ്രമേയം പാസാക്കിയത്.ഡി.എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി ബി.ഭദ്രൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ബി. കൃഷ്ണകുമാർ ,പ്രിൻസിപ്പൽ സുവർണ്ണ കുമാരി , പ്രഥമാദ്ധ്യാപിക അമ്പിളി എന്നിവർക്ക് അംഗത്വ കൂപ്പൺ നൽകി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിമാരായ ഗോപകുമാർ എസ്, രാധിക ഉണ്ണിക്കൃഷ്ണൻ, ജില്ലാ പ്രസിഡന്റ് പി.ബിന്ദു,സെക്രട്ടറി രാജേഷ് കുമാർ.എൻ സംസ്ഥാന കമ്മിറ്റി അംഗം എം.ആർ മനു എന്നിവർ സംസാരിച്ചു.