
തിരുവനന്തപുരം: ആർ.എസ്.എസിനെ താനുമായി കൂട്ടിക്കെട്ടേണ്ടെന്നും പ്രതിപക്ഷത്തെ നയിക്കുന്നവർക്കാണ് ആർ.എസ്.എസ് ബന്ധമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ആഭ്യന്തരവകുപ്പിന്റെ ധനാഭ്യർത്ഥന ചർച്ചയ്ക്ക് പ്രതിപക്ഷത്തിന്റെ അഭാവത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.
ആർ.എസ്.എസും കെ.സുധാകരനും ഒരു പാർട്ടിയായിരുന്നു. അതുകൊണ്ട് ആർ.എസ്.എസിനെ കെട്ടേണ്ടവരും കെട്ടിപ്പിടിച്ച് നിൽക്കുന്നവരും അവിടെത്തന്നെയാണുള്ളത്. ജനതാപാർട്ടിയിലും ആർ.എസ്.എസിലും ഒരേസമയം അംഗത്വമാകാമോ എന്ന പ്രശ്നമുയർന്നപ്പോൾ ആ പാർട്ടിയിൽ അതനുവദിക്കാനാവില്ല എന്ന നിലപാടെടുത്തവരോടാണ് സി.പി.എം ഐക്യപ്പെട്ടത്. അന്ന് താൻ കെ.ജി. മാരാരുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹിയായി എന്ന ആരോപണമുന്നയിച്ച പണ്ഡിതനിപ്പോൾ കേന്ദ്രമന്ത്രിയാണ്.
കൂത്തുപറമ്പിൽ മത്സരിക്കുന്ന താനെങ്ങനെയാണ് ഉദുമയിൽ പോയി കമ്മിറ്റി ഭാരവാഹിയാവുക? പറയുമ്പോൾ കോമൺസെൻസിന് നിരക്കുന്ന വർത്തമാനം പറയേണ്ടേ? കെ.സുധാകരനല്ലേ അന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹി. ഗോൾവാൾക്കറുടെ ഫോട്ടോയ്ക്ക് മുന്നിൽ താണുവണങ്ങിയതിന്റെ കഥയൊന്നും പറയുന്നില്ല. ആർ.എസ്.എസ് വോട്ട് വാങ്ങിയതാരാണെന്ന് പ്രതിപക്ഷനേതാവ് സ്വന്തം മനസ്സാക്ഷിയോട് ചോദിച്ച് നോക്കുന്നത് നന്നാവും. ആർ.എസ്.എസുമായി കോൺഗ്രസ് ചേരുമ്പോൾ ആ പ്രവർത്തനത്തിന്റെ വിജയത്തിനായി മെനക്കെട്ട് പ്രവർത്തിക്കുന്നവരാണ് മുസ്ലിംലീഗ് എന്ന് ആർക്കാണറിയാത്തതെന്നും മുഖ്യമന്ത്രി ചോദിച്ചു.
51 ഹെക്ടറിൽ കൂടി തീറ്റപ്പുൽ കൃഷി
തിരുവനന്തപുരം: 2022-23 വർഷം 51 ഹെക്ടർ തരിശ് ഭൂമിയിൽ തീറ്റപ്പുൽ കൃഷി പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി . കഴിഞ്ഞ സാമ്പത്തികവർഷം 87 ഹെക്ടർ തരിശുഭൂമിയിൽ പദ്ധതി നടപ്പാക്കി. ഇറച്ചിയുടെ ഉത്പാദനം, സംസ്കരണം, വിതരണം എന്നിവയ്ക്ക് മീറ്റ് സ്ട്രേറ്റജി നടപ്പാക്കുമെന്നും ചർച്ചകൾ നടക്കുകയാണെന്നും മന്ത്രി അറിയിച്ചു. മീറ്റ് പ്രൊഡക്ട് ഒഫ് ഇന്ത്യയുടെ ഉത്പന്നങ്ങൾക്ക് അന്തർദ്ദേശീയ വിപണി കണ്ടെത്തുന്നതിന് നടപടികൾ ആരംഭിച്ചിട്ടുണ്ട്.